കുറുപ്പ് നവംബര്‍ 12ന്; നഷ്ടം സഹിച്ചാണെങ്കിലും ചിത്രം തിയേറ്ററില്‍ കാണിക്കുമെന്ന് ദുല്‍ഖര്‍

dulquer salman kurupp

ദുല്‍ഖര്‍ സല്‍മാന്‍(dulquer salman) ചിത്രം ‘കുറുപ്പ്'(kurupp) നവംബര്‍ 12ന് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരുള്‍പ്പെടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.

ഇതാദ്യമായാണ് ദുല്‍ഖര്‍ മാധ്യമങ്ങളെ വിളിച്ച് സിനിമ റിലീസ് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. ‘നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തിയേറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണണം. ഒടിടിക്കുവേണ്ടി വേറെ തരം സിനിമകള്‍ ഉണ്ടാകും. നിലവിലെ വെല്ലുവിളികള്‍ ഏറ്റെടുത്താണ് കുറുപ്പ് തിയേറ്ററില്‍ എത്തിക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് ദുല്‍ഖര്‍ നായകനാകുന്ന കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.