Home News Kerala ഞങ്ങളോട്‌ കളിക്കണ്ട, കേരളം കത്തും, ആ ഉദ്യോഗസ്‌ഥനെ പൂട്ടണം’ കലാപ ആഹ്വാനവുമായി ഇ -ബുൾ ജെറ്റ്...

ഞങ്ങളോട്‌ കളിക്കണ്ട, കേരളം കത്തും, ആ ഉദ്യോഗസ്‌ഥനെ പൂട്ടണം’ കലാപ ആഹ്വാനവുമായി ഇ -ബുൾ ജെറ്റ് ആരാധകർ-പിന്നാലെ അറസ്റ്റ്

കണ്ണൂർ: യൂട്യൂബ് വ്ലോഗർമാരായ ഇ -ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു ചിലർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും ചിലർ വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടർ വാഹന വകുപ്പിന്റെ ഓഫീസിനുള്ളിൽ വ്ലോഗർമാർ ഉദ്യോഗസ്ഥരുമായി തർക്കിക്കാനും ലൈവ് വിഡിയോ ചിത്രീകരിക്കാനും തുടങ്ങിയതോടെയാണ് കാര്യങ്ങൾ പൊടുന്നനെ മാറിയത്. സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും വ്ലോഗർമാരുടെ ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ സോഷ്യൽ മീഡിയയിൽ വന്നു.

സോഷ്യൽ മീഡിയയിൽ നിയമ ലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടവരെയും അത്തരത്തിൽ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളെയും ഫാൻ പേജുകളെയുമാണ് സൈബർ സെൽ നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇവർക്കെതിരെയും കർശന നടപടികളുണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരുടെ വാഹനം നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്റെ രൂപകല്‍പനയില്‍ മാറ്റം വരുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇന്നലെ രാവിലെ ആര്‍ടി ഓഫിസില്‍ എത്താനും ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെ ഒരു കൂട്ടം ചെറുപ്പക്കാരെയും കൂട്ടിയാണ്‌ ഇവര്‍ ഓഫീസില്‍ എത്തിയത്‌.
ആര്‍.ടി.ഒയുമായുണ്ടായ വാക്കേറ്റത്തിന്‌ പിന്നാലെ ഇവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ലൈവില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. സ്‌റ്റേഷനിലെത്തിയപ്പോഴും ഇവര്‍ ലൈവ്‌ പ്രതിഷേധത്തിന്‌ ശ്രമിച്ചു.