Friday, September 17, 2021
Home Ediotrs Pick ആകെയുള്ള സീറ്റ് പോയി;വോട്ട് ശതമാനം കുറഞ്ഞു; ബിജെപിയില്‍ അടി തുടങ്ങി

ആകെയുള്ള സീറ്റ് പോയി;വോട്ട് ശതമാനം കുറഞ്ഞു; ബിജെപിയില്‍ അടി തുടങ്ങി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും വോട്ട് ശതമാനത്തില്‍ കാര്യമായ ഇടിവുണ്ടാകുകയും ചെയ്തത് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പിന് മുമ്പേ ഉടലെടുത്ത ഗ്രൂപ്പിസം ശക്തമായി.

2016ല്‍ 15 ശതമാനമായിരുന്നു ബിജെപിക്ക് കിട്ടിയ ആകെ വോട്ട് ശതമാനം. ഇക്കുറി അത് 12.4 ശതമാനമായി കുത്തനെ ഇടിഞ്ഞു. വിജയം പ്രതീക്ഷിച്ചിരുന്ന തൃശ്ശൂര്‍, കോന്നി എന്നിവിടങ്ങളില്‍ ബിജെപിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്ത് എത്തി എന്നതാണ് ആകെയുള്ള ആശ്വാസം.

ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ കലഹം തുടങ്ങി. നേതൃത്വത്തിനോട് കലഹിച്ചുനിന്ന ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന ഒരുവിഭാഗമാണ് പരോക്ഷമായി രംഗത്തുവന്നിരിക്കുന്നത്. കഴക്കൂട്ടത്ത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ അച്ചടിച്ച അഭ്യര്‍ഥന നോട്ടീസുകള്‍ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണമുയര്‍ന്നത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരനുമായി അടുപ്പമുള്ള ബിജെപി നേതാവിന്റെ വീട്ടിലെ ദൃശ്യങ്ങളെന്നപേരിലാണ് പ്രചരിച്ചത്.

കെ സുരേന്ദ്രന്‍ രണ്ട് സീറ്റില്‍ മല്‍സരിച്ച് രണ്ടിലും ദയനീയമായി പരാജയപ്പെട്ടതും എതിരാളികള്‍ ആയുധമാക്കിയിട്ടുണ്ട്. ശബരിമല വികാരം ഉയര്‍ത്തി കോന്നിയില്‍ എല്ലാ തന്ത്രങ്ങളും പയറ്റിയെങ്കിലും മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പാര്‍ട്ടി പ്രസിഡന്റ് മറ്റുള്ളവര്‍ക്ക് സീറ്റ് വിട്ടുകൊടുക്കാതെ രണ്ട് സ്ഥാനങ്ങളില്‍ മല്‍സരിച്ചത് അംഗങ്ങള്‍ക്കിടയില്‍ തന്നെ അതൃപ്തി സൃഷ്ടിച്ചതായും ഇത് തിരിച്ചടിയായെന്നുമാണ് വിലയിരുത്തല്‍.
ALSO WATCH

Most Popular