Tuesday, September 21, 2021
Home News Kerala കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ; സംഘപരിവാരപ്രചാരണം പൊളിച്ചടുക്കി വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ; സംഘപരിവാരപ്രചാരണം പൊളിച്ചടുക്കി വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

ദോഹ: പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ടതിന്റെ പേരില്‍ മലപ്പുറത്തുകാര്‍ക്കെതിരേ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ വനിത ഡോക്ടറെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി അടക്കമുള്ളവര്‍ മലപ്പുറത്തിനെതിരായ പ്രചാരണം ഏറ്റുപിടിച്ചതോടെ ദേശീയ തലത്തിലും വിഷയം ചര്‍ച്ചയായിരുന്നു. സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇതിനെതിരേ പ്രതിഷേധവുമായെത്തി. ഇതിനിടയിലാണ് ഡോക്ടര്‍ സൗപര്‍ണിക മലപ്പുറത്തുകാര്‍ക്കെതിരേ സംഘപരിവാരം നടത്താറുള്ള സ്ഥിരം ദുഷ്പ്രചാരണങ്ങളെ ഫേസ്ബുക്കി കുറിപ്പിലൂടെ തേച്ചൊട്ടിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാവിലെ മകനെയുംകൊണ്ട് പുറത്തുപോകാനായി ബുള്ളറ്റ്പ്രൂഫ് നാനോയില്‍ കയറിയപ്പോളേക്കും ‘അമ്മ ഒരു Barret M82 കൊണ്ടുവന്നുതന്നു. വണ്ടിയില്‍ എപ്പോളും ഒരു AK47 ഉണ്ടാകുമെങ്കിലും കഴിഞ്ഞ ആഴ്ച അല്‍പ്പം ദൂരെയുള്ള പാകിസ്താനി മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ ഈ പുതിയ തോക്കുകൂടെ കയ്യില്‍കരുതുന്നത് നല്ലതായിരിക്കുമെന്ന് ‘അമ്മ പറഞ്ഞു. കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ!

ഹിന്ദുക്കളായതുകൊണ്ട് ഇവിടെ ഭൂമിവാങ്ങാന്‍പറ്റാത്തതു കാരണം ആകാശത്തില്‍ കുടികെട്ടിയ ഞങ്ങള്‍ക്ക് വണ്ടി റോഡിലേക്കിറക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. പക്ഷെ ഇപ്പോള്‍ അതൊക്കെ ശീലമായിരിക്കുന്നു… കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ !

നിരക്ഷരരും ബാലികാവധുക്കളുമൊക്കെയായ ഒരുകൂട്ടം ജനത തിങ്ങിപ്പാര്‍ക്കുന്ന ചേരിക്കടുത്തുള്ള പഴയ കെട്ടിടത്തില്‍ ഐഎസ് റിക്രൂട്ടമെന്റ് സെന്റര്‍ എന്ന തിളങ്ങുന്ന ബോര്‍ഡ് തൂങ്ങിയിരുന്നു . ഭയമുണ്ടെങ്കിലും ഇതൊന്നും പുതുമയായിരുന്നില്ല. കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ !

ഇവിടെ അധികം സ്‌കൂളുകള്‍ ഇല്ലാത്തതുകൊണ്ട് അല്‍പ്പം അകലെ രഹസ്യമായി നടത്തിവന്നിരുന്ന ഭഗവത്ഗീത ക്ലാസ്സിലേക്കായിരുന്നു മകനെ കൊണ്ടുപോകേണ്ടിയിരുന്നത്. എല്ലാ കവലകളിലും എന്നപോലെ ഉണ്ടായിരുന്ന തീവ്രവാദ കോച്ചിങ് ക്ലാസ്സുകള്‍ക്ക് പകരം കേരളത്തിലോ ഇന്ത്യയിലോ ഉള്ളതുപോലത്തെ സ്‌കൂളുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു. കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ!

പോകുന്ന വഴിയില്‍ കാട്ടിലേക്കുള്ള തിരിവില്‍ ആള്‍ക്കൂട്ടവും ബഹളവും ഉണ്ടായിരുന്നു. ഗള്‍ഫില്‍നിന്നു വരുന്ന പൈസകൊണ്ട് തിന്ന് എല്ലിനിടയില്‍ കുത്തുമ്പോള്‍, വെറുതെയിരുന്ന് മടുത്ത ഞങ്ങള്‍ ആനകളെയും മറ്റു മൃഗങ്ങളെയും ക്രൂരമായി കൊല്ലാറുണ്ടെന്നത് രാജ്യത്തെ പ്രമുഖ മൃഗസ്‌നേഹികള്‍ക്കുവരെ അറിയാമായിരുന്നു. വ്യക്തിപരമായി ഞാനും ഇതൊക്കെ ആസ്വദിച്ചിരുന്നു. കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ !

ജില്ലാതിര്‍ത്തിയില്‍ വെടിവെപ്പില്ലാത്ത സമയങ്ങളില്‍ തീവ്രവാദികള്‍ ഫുട്ബാള്‍ കളിക്കുകയും, വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും, ജനസംഖ്യ വര്‍ധനവില്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഇവരെക്കുറിച്ച് വെറുതെ അഭിമാനം കൊള്ളാറുണ്ടായിരുന്നു. കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ !

ഇവിടെ ഭീതിജനകമായ അന്തരീക്ഷമാണെങ്കിലും മറ്റുജില്ലക്കാരും മൊത്തം ഇന്ത്യ തന്നെയും സമാധാനത്തില്‍ ആണെന്നുള്ളതും അവര്‍ ഞങ്ങളെ ഓര്‍ത്തു വ്യാകുലപ്പെടാറുണ്ട് എന്നുള്ളതും അല്‍പ്പമൊന്നുമല്ല ആശ്വാസമാകാറുള്ളത്. കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ.


 

Most Popular