ഉപയോഗിക്കുന്ന ഫോണിന് 25,000 രൂപ ഡ്യൂട്ടി; കണ്ണൂര്‍ വിമാനത്താവളത്തിലെ പിടിച്ചുപറി വിവരിച്ച് പ്രവാസി

KANNUR AIRPORT IPHONE TAX

കണ്ണൂര്‍: ദുബയില്‍ നിന്ന് നാട്ടിലേക്കുള്ള മടക്കത്തില്‍ കൈയിലുണ്ടായിരുന്ന ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന് എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടിവന്ന ദുരനുഭവം വിവരിച്ച് പ്രവാസി. ദുബയില്‍ ഫിനാന്‍സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയ ഷഹദ് അയാര്‍ ആണ് ഐഫോണ്‍ 13 പ്രോ മാക്സ് കൊണ്ടുവന്നതിന് 25,000 രൂപ ഡ്യൂട്ടി അടക്കേണ്ടിവന്ന അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഇരുപതോളം രാജ്യങ്ങളില്‍ യാത്രചെയ്ത തനിക്ക് ജീവിതത്തിലാദ്യമായി കണ്ണൂര്‍ എയര്‍പോര്‍ട്ടിലാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നും വിദേശത്തേക്ക് യാത്രചെയ്ത് തിരിച്ചുവരുന്ന മേലാളന്മാരെക്കൊണ്ടൊക്കെ ഇങ്ങനെ നികുതി അടപ്പിക്കാറുണ്ടോ എന്നും പോസ്റ്റില്‍ ഷഹദ് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രവാസികള്‍ക്ക് ഉപയോഗിക്കുന്ന ഒരു പുതിയ ഫോണ്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള അവകാശമില്ലേ??

ഇതിന്റെ നിയമവശങ്ങള്‍ അറിയുന്നവര്‍ ഉണ്ടെങ്കില്‍ ഒന്ന് ഹെല്പ് ചെയ്യണേ (മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ ഇതൊന്നു ദയവായി ഷെയര്‍ ചെയ്യുക.. ഇനി മറ്റൊരാള്‍ക്ക് ഈ ഒരവസ്ഥ ഇല്ലാതിരിക്കട്ടെ)

ഇന്നലെ, അതായത് 16th October 2021 സമയം 7:20PM ആണ് കണ്ണൂരില്‍ വന്നിറങ്ങിയത്. കയ്യില്‍ 13/10/2021നു വാങ്ങിയ ഫോണ്‍, iPhone 13 Pro Max 512GB ഉണ്ടായിരുന്നു (സ്‌ക്രീന്‍ ഷോട്ട് attached).. ഫോണ്‍ കയ്യില്‍ കണ്ടപ്പോള്‍ ഇതിന്റെ വിലയെത്ര വരുമെന്നും ഇതിനു ഡ്യൂട്ടി കെട്ടണം എന്നുമായി. ‘യൂസ് ചെയ്യുന്ന ഫോണിന് എന്തിനാ സാറെ ഡ്യൂട്ടി?? പാസ്സ്‌പോര്‍ട്ടില്‍ ഞാന്‍ ഈ ഫോണ്‍ തിരികെ കൊണ്ടുപൊക്കോളാം എന്നെഴുതിക്കോളൂ.. ഇതെനിക്ക് ഗിഫ്റ്റ് ലഭിച്ചതും ആവാമല്ലോ??.’ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി 50,000 രൂപയില്‍ കൂടുതല്‍ നിങ്ങള്‍ക്ക് കൊണ്ടുപോകാനുള്ള അവകാശമില്ല. അത് ഉപയോഗിച്ച ഫോണ്‍ ആയാലും ശരി.. അപ്പോള്‍ ഒരു 30000 രൂപ അടച്ചിട്ട് പൊയ്‌ക്കോളൂ. അതുവരെ ഈ ഫോണും പാസ്സ്‌പോര്ട്ടും ഇവിടെ പിടിച്ചുവെക്കും.. ക്യാഷ് അടക്കാതെ ഇത് തരാന്‍പറ്റില്ല.. കയ്യില്‍ കാശില്ലെങ്കില്‍ നാട്ടില്‍ വിളിച്ചു ഏര്‍പ്പാടാക്കി അടച്ചിട്ടു പൊയ്യ്‌ക്കോളൂ.. 3 മണിക്കൂറോളം ഇതിനായി എയര്‍പോര്‍ട്ടില്‍ വെയ്സ്റ്റ്.. തന്ന ബില്ലിലാണെങ്കില്‍ അനുവദിച്ച 50,000 കഴിച്ചു ഒരു ലക്ഷം വില കണക്കാക്കീട്ടുണ്ട്. അപ്പോള്‍ പുതിയ ഐഫോണിന് ലോകത്തെവിടെയും ഇല്ലാത്ത വിലയോ? അതായത് ഒന്നര ലക്ഷം രൂപ ??????.. ഡോക്യുമെന്റ് ബാര്‍കോഡ് സെര്‍ച്ച് ചെയ്ത് നോക്കിയപ്പോള്‍ ആണെങ്കില്‍ did not match with any documents-!

അവസാനം ഡ്യൂട്ടി മുപ്പതിനായിരം എന്നുള്ളത് ഇരുപത്തയ്യായിരം ആക്കി. അതിനുവേണ്ടി 512GB മാറ്റി 256GB അക്കിത്തന്നു (ഒരു നിയമക്കുരുക്ക് ??)

അങ്ങനൊരു നിയമം സത്യത്തില്‍ ഇല്ലെന്നാണ് എന്റെ അറിവ്.. ഇതിനോടകം ഇരുപതോളം രാജ്യങ്ങളില്‍ യാത്ര ചെയ്ത വ്യക്തി എന്നുള്ള നിലക്ക് സ്വന്തം നാട്ടില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി ഇങ്ങനൊരു ദുരനുഭവം.. അല്ല, പ്രവാസികള്‍ക്ക് മാത്രമാണോ യാതൊരു ലോജിക്കും ഇല്ലാത്ത ഈ ഏര്‍പ്പാട്?? വിദേശത്തേക്ക് യാത്ര ചെയ്ത് തിരിച്ചു വരുന്ന മേലാളന്മാരൊക്കെ ഇങ്ങനെ ക്യാഷ് അടക്കാറുണ്ടോ ആവോ?? എന്നെ കൂടാതെ വേറെയും കുറേപേരെ അവിടെ ഈ അവസ്ഥയില്‍ കണ്ടു.. യാതൊരു മനുഷ്യത്വവുമില്ലാത്ത പെരുമാറ്റവും എന്തോ വലിയ അധികാരം ഉണ്ടെന്നുള്ള ഹുങ്കും ഇതെന്തോ കള്ളക്കടത്തൊക്കെ നടത്തിയത് പോലെ ????

എന്തായാലും ആദ്യ പടിയെന്നോണം വിവരാവകാശ നിയമ പ്രകാരം നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.