Saturday, April 17, 2021
Home Ediotrs Pick 68ാം വയസ്സില്‍ കന്നിവോട്ട് ചെയ്ത് പ്രവാസി; സമ്മതി ദാനാവകാശം പാഴാക്കരുതെന്ന് അഭ്യര്‍ഥന

68ാം വയസ്സില്‍ കന്നിവോട്ട് ചെയ്ത് പ്രവാസി; സമ്മതി ദാനാവകാശം പാഴാക്കരുതെന്ന് അഭ്യര്‍ഥന

ദുബൈ: ജീവിതത്തില്‍ ഒരിക്കലും സമ്മതിദാനാവകശം വിനിയോഗിക്കാത്ത തോമസ് മത്തായിക്ക് ഇന്ന് കന്നിവോട്ട്. നാലു പതിറ്റാണ്ടിലേറെ യുഎഇയില്‍ പ്രവാസിയായിരുന്ന പത്തനംതിട്ട നാരകത്താനി വെണ്ണികുളം സ്വദേശി തോമസ് മത്തായിയാണ് 68ാം വയസില്‍ ആദ്യ വോട്ട് ചെയ്തിരിക്കുന്നത്. റാന്നി മണ്ഡലത്തിലാണ് അദ്ദേഹം പൗരാവകാശം വിനിയോഗിച്ചത്. ഭാര്യ സൂസന്നയും ഇന്ന് തന്റെ കന്നി വോട്ട് ചെയ്തു.

ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഇന്ന് സാധിച്ചിരിക്കുന്നതെന്നും ഒരു പൗരന്റെ അവകാശം നിര്‍വ്വഹിച്ചതില്‍ ഏറെ ആത്മസംതൃപ്തി തോന്നുന്നുവെന്നും വോട്ട് ചെയ്തതിന് ശേഷം തോമസ് മത്തായി പറയുന്നു. നാട്ടിലുള്ള ആരും വോട്ട് ചെയ്യാതിരിക്കരുത്. അതിന് സാധിക്കാത്ത പ്രവാസികളുടെ വേദന നേരിട്ടനുഭവിച്ച ഒരാളാണ് ഞാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ 23ാം വയസ്സില്‍ കടല്‍മാര്‍ഗം ദുബായിലെത്തിയ അദ്ദേഹം പിന്നീട് 41 വര്‍ഷം പ്രവാസിയായി തുടര്‍ന്നു. 2017 പ്രവാസ ജീവിതം മതിയാക്കി മടങ്ങി. അതിന് ശേഷം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നെങ്കിലും കാര്‍ഡ് കിട്ടാന്‍ വൈകിയതുകൊണ്ട് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.

കേരളത്തിന്റെ വളര്‍ച്ചയില്‍ വലിയൊരു പങ്കുവഹിക്കുന്ന പ്രവാസികള്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം കൊടുക്കണമെന്ന് തോമസ് മത്തായി ആവശ്യപ്പെട്ടു. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് പറയുമ്പോഴും ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന രഹസ്യം അദ്ദേഹം ചെറുചിരിയില്‍ മറച്ചുവച്ചു.

 

Most Popular