Sunday, June 20, 2021
Home News Kerala കോവിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി മുഖ്യമന്ത്രി

കോവിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: മടങ്ങിവരുന്ന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ കേന്ദ്രവുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളെ ടെസ്്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ അധികൃതരുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം എംബസികള്‍ വഴി ബന്ധപ്പെട്ടിരുന്നു.

യുഎഇയില്‍ റാപിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. ഖത്തറില്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കോവിഡ് ഇല്ലെന്നതിന്റെ തെളിവാണ്. കുവൈത്തില്‍ നിലവില്‍ രണ്ട് ടെര്‍മിലുകളില്‍ മാത്രമാണ് കോവിഡ് ടെസ്റ്റ് നടത്തുന്നതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കൂടുതല്‍ ടെര്‍മിനലുകളില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ അവിടെയുള്ള എയര്‍ലൈന്‍ കമ്പനികള്‍ ആവശ്യപ്പെടേണ്ടതുണ്ട്. ഒരു ടെസ്റ്റിന് 1000 രൂപയാണ് ഇവിടെ ചെലവ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒമാനില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാണ് നിലവില്‍ നടക്കുന്നത്. റാപിഡ് ടെസ്റ്റിനായി സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാല്‍, ജൂണ്‍ 25ന് അകം ഇത് പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് അറിയിച്ചിട്ടുള്ളത്. ബഹറൈനിലും ടെസ്റ്റ് പ്രയാസമാണ് എന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍, ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവരുടെ ആരോഗ്യ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ എന്ത് ചെയ്യാനാവും എന്ന് കേന്ദ്രസര്‍ക്കാരുമായി ആലോചിക്കും. ഇക്കാര്യത്തില്‍ ഉടനെ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

Most Popular