Friday, May 7, 2021
Home News Kerala ആശയക്കുഴപ്പം തുടരുന്നു; പ്രവാസികളുടെ ക്വാറന്റീന്‍ നിബന്ധനയില്‍ മാറ്റം വരുത്തിയ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദിശ

ആശയക്കുഴപ്പം തുടരുന്നു; പ്രവാസികളുടെ ക്വാറന്റീന്‍ നിബന്ധനയില്‍ മാറ്റം വരുത്തിയ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദിശ

തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമാണോ 14 ദിവസമാണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമായി ചുരുക്കിയെന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇക്കാര്യത്തില്‍ വിശദീകരണം തേടി ഗള്‍ഫ് മലയാളി ദിശ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ മതിയെന്നും അതു കഴിഞ്ഞാല്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീനില്‍ തുടരേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ഔദ്യോഗിക അറിയിപ്പ് വന്നിരുന്നു. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ഇതര സംസ്ഥാനക്കാര്‍ക്കുള്ള ചട്ടം പ്രവാസികള്‍ക്കും ബാധകമാണോ എന്നായിരുന്നു ചോദ്യം. അതിന് മുഖ്യമന്ത്രിയുടെ മറുപടി, പുറത്തു നിന്ന് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരികയും ഇവിടെ വന്ന ശേഷം ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ പിന്നീട് ക്വാറന്റീന്‍ തുടരേണ്ടതില്ലെന്നുമായിരുന്നു.

ഇക്കാര്യത്തില്‍ വിശദീകരണം തേടിയാണ് ദിശ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെട്ടത്. എന്നാല്‍, നിലവില്‍ പ്രവാസികളുടെ ക്വാറന്റീന്‍ 14 ദിവസം തന്നെയാണെന്നാണ് തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അറിയിപ്പെന്നായിരുന്നു മറുപടി. നിലവില്‍ പ്രവാസികള്‍ നാട്ടിലെത്തിയാല്‍ 14 ദിവസം തന്നെ ക്വാറന്റീനില്‍ കഴിയണമെന്നും ദിശ അറിയിച്ചു.

Most Popular