Saturday, June 12, 2021
Home News Kerala ടെസ്റ്റ് നടത്താതെ പ്രവാസികളെ കൊണ്ടുവരുന്നത് ദുരന്തത്തിനിടയാക്കുമെന്ന് മുഖ്യമന്ത്രി

ടെസ്റ്റ് നടത്താതെ പ്രവാസികളെ കൊണ്ടുവരുന്നത് ദുരന്തത്തിനിടയാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ കോവിഡ് പരിശോധനയില്ലാതെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വലിയ ദുരന്തത്തിനിടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പ്രധാനമന്ത്രിയെ കത്തിലൂടെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടച്ചിട്ട വിമാനത്തില്‍ 200ഓളം പേര്‍ യാത്ര ചെയ്യുമ്പോള്‍ അതില്‍ ഒരു രോഗി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കു മുഴുവന്‍ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് രാജ്യം മുഴുവന്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേ ഇറ്റലിയില്‍ നിന്ന് ആളുകള്‍ വന്നപ്പോള്‍ മെഡിക്കല്‍ സംഘം അവിടെ പോയി ടെസ്റ്റ് നടത്തിയിരുന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നേരേ വീട്ടിലേക്ക് വിടാനാവില്ല
ഇപ്പോള്‍ പ്രഖ്യാപിച്ച രീതിയില്‍ വിമാനങ്ങള്‍ വന്നാല്‍, നേരത്തേ പറഞ്ഞ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും വീട്ടിലേക്ക് അയക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയത് 7 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാരന്റൈനില്‍ കഴിയേണ്ടി വരും. ഏഴാം ദിവസമാണ് അവരുടെ കാര്യത്തില്‍ ടിസിആര്‍ ടെസ്റ്റ് നടത്തുക. ആ ടെസ്റ്റിന്റെ ഫലം പിറ്റേന്ന് തന്നെ കിട്ടും. പോസിറ്റീവായി ഫലം വന്നാല്‍, ആശുപത്രിയിലേക്ക് മാറ്റും. വീടുകളില്‍ പോകുന്നവര്‍ തുടര്‍ന്ന് ഒരാഴ്ച്ച വീട്ടില്‍ ക്വാരന്റൈന്‍ തുടരേണ്ടി വരും.

അടയന്തരമായി മടങ്ങേണ്ടവര്‍ 1,69,136 പേര്‍
4,42,000 പേര്‍ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 1,69,136 പേര്‍ അടിയന്തരമായി മടങ്ങേണ്ടവരാണെന്ന് കേരളം കണക്കാക്കിയിട്ടുള്ളത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേറിട്ട കുട്ടികള്‍, വിസിറ്റ് വിസയില്‍ പോയി കാലാവധി കഴിഞ്ഞവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ എന്നിവരാണ് ഈ പട്ടികയില്‍ ഉള്‍പ്പടുന്നത്. ആദ്യഘട്ടത്തില്‍ ഇവരെ നാട്ടിലെത്തിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. കേരളം ശേഖരിച്ച വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം വിദേശകാര്യ മന്ത്രാലയവും എംബസികളും ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിമാനത്താവളങ്ങളില്‍ കണ്ണൂരിനെ പരിഗണിച്ചില്ല
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരാനുള്ള സജ്ജീകരണം കേരളം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, നിലവിലെ ഷെഡ്യൂള്‍ പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം പരിഗണിച്ചിട്ടില്ല. അതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താല്‍പര്യപ്പെട്ടിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് ഇവര്‍ മറ്റിടങ്ങളില്‍ ഇറങ്ങിയാല്‍ യാത്രയ്ക്കുള്ള ബുദ്ധിമുട്ട് ഊഹിക്കാവുന്നതാണ്. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട.

അടുത്തയാഴ്ച്ച മുതല്‍ കൂടുതല്‍ വിമാനങ്ങള്‍
അടുത്തയാഴ്ച്ച മുതല്‍ വിദേശങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഴ്ച്ചയില്‍ 20,000 പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. അവരെയെല്ലാം പരിശോധിക്കാനും ക്വാരന്റന്‍ൈ ചെയ്യാനുമുള്ള ദൗത്യം കേരളം ഏറ്റെടുത്തിട്ടുണ്ട്. രണ്ടര ലക്ഷം പേര്‍ക്ക് ക്വാരന്റൈന്‍ സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 1,63,000 കിടക്കകള്‍ ഇപ്പോള്‍ തന്നെ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister Pinarayi Vijayan says that the decision of the central government to bring the expatriates back to the country without a Covid test would be a disaster.

Most Popular