അധ്യാപകര്‍ ചമഞ്ഞ് ഓണ്‍ലൈന്‍ ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ ലൈംഗിക കെണിയില്‍ കുരുക്കുന്നു; കോളുകള്‍ വരുന്നത് ഗള്‍ഫ് നമ്പറുകളില്‍ നിന്ന്

cyber bullying online class students

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികളെ മൊബൈലില്‍ വിളിച്ച് ചൂഷണം ചെയ്യുന്ന സംഘം വ്യാപിക്കുന്നു. അധ്യാപകര്‍ ചമഞ്ഞും കൗണ്‍സിലിങ് എന്ന വ്യാജേനയും ബന്ധം സ്ഥാപിക്കുന്ന ഇവര്‍ പെണ്‍കുട്ടികളുടെ ഫോട്ടോയും അശ്ലീല ദൃശ്യങ്ങളും സ്വന്തമാക്കി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. മിക്ക കോളുകളും വരുന്നത് ഗള്‍ഫ് നമ്പറുകളില്‍ നിന്നും ഇന്റര്‍നെറ്റ് കോളുകള്‍ വഴിയുമാണെന്ന് പോലിസ് പറയുന്നു.

വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ചമഞ്ഞ് വലയിലാക്കുന്നതാണ് കെണിയുടെ ആദ്യഘട്ടം. കുട്ടികളുമായി നല്ലബന്ധം സ്ഥാപിച്ചു കഴിഞ്ഞാല്‍ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി നല്‍കാന്‍ ആവശ്യപ്പെടും. ചതിയില്‍ വീഴുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി തുടര്‍ന്നും ചൂഷണം ചെയ്യും.

ഇത്തരത്തിലൊരും സംഭവം മലപ്പുറം ജില്ലയിലെ വാണിയമ്പലത്തെ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നു. വാണിയമ്പലം ഹൈസ്‌കൂള്‍ അധ്യാപകന്‍ എന്ന രീതിയിലാണ് വിദ്യാര്‍ഥിനിയെ വിളിച്ചത്. സ്വകാര്യ മുറിയില്‍ വാതിലടച്ചിരിക്കാന്‍ ആവശ്യപ്പെട്ട തട്ടിപ്പുകാരന്‍ ആഴ്ച്ച തോറും ഇത്തരം കൗണ്‍സലിങ് ക്ലാസുകള്‍ ഉണ്ടാകുമെന്ന് വിദ്യാര്‍ഥിനിയോട് പറഞ്ഞിരുന്നു.

എന്നാല്‍, രക്ഷിതാവിന്റെ കൃത്യസമയത്തുള്ള ഇടപെടല്‍ കുട്ടിയെ ചതിയുടെ തുടക്കത്തില്‍ തന്നെ രക്ഷിച്ചു. ഇവരുടെയും സ്‌കൂളിന്റെയും പരാതിയില്‍ പാണ്ടിക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുവാരകുണ്ടിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും ഇതുപപോലെ വിളി വന്നു. ഒമാന്‍ നമ്പറില്‍ നിന്നാണ് കോള്‍ വന്നത്. സൗഹൃദം സ്ഥാപിച്ച സംഘം അശ്ലീല വീഡിയോ പകര്‍ത്തി നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് ചതി തിരിച്ചറിഞ്ഞത്. ഉടന്‍ പോലിസില്‍ അറിയിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ട് മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയെന്നാണ് പോലിസിന് ലഭിച്ച വിവരം. ഗള്‍ഫ് നമ്പറുകളും ഇന്റര്‍നെറ്റ് കോളും മറയാക്കി പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ഈ സംഘത്തിലുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. പല വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തട്ടിപ്പിന് ഇരയായ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതായും പോലിസ് പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യണമെന്ന് പോലിസ് ആവശ്യപ്പെട്ടു.