Monday, May 23, 2022
HomeNewsKeralaഎയര്‍പോര്‍ട്ട് കോവിഡ് പരിശോധനയിലെ പിഴവ്; യുവാവിന് ജോലി നഷ്ടമായി

എയര്‍പോര്‍ട്ട് കോവിഡ് പരിശോധനയിലെ പിഴവ്; യുവാവിന് ജോലി നഷ്ടമായി

തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെ തെറ്റായ കോവിഡ് പരിശോധനാ ഫലം മൂലം പ്രവാസിക്ക് ജോലി നഷ്ടമായി. വര്‍ക്കല സ്വദേശി ഷാജന്‍ ഷായാണ് കോവിഡ് പരിശോധനയിലെ പിഴവ് മൂലം ദുരിതത്തിലായത്.

കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസികളില്‍ ഒരാളാണ് ഷാജന്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഗള്‍ഫിലേക്ക് തിരിച്ചു പോകാന്‍ വഴിതെളിഞ്ഞത്. ഈ മാസം 15ന് ദുബൈയിലേക്ക് പോകുന്നതിന് ഷാജന്‍ ഷാ 14ന് തിരുവനന്തപുരത്തെ സ്വകാര്യ ലാബില്‍ ടെസ്റ്റ് ചെയ്തതിന്റെ ഫലം നെഗറ്റീവ് ആയിരുന്നു.

15ന് വിമാനത്താവളത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയനായി. ഫലം പോസിറ്റീവായിരുന്നു. പുറത്ത് ചിലവാകുന്നതിനേക്കാള്‍ അഞ്ചിരട്ടി തുകയാണ് ഈടാക്കിയത്. കിട്ടിയ ഫലത്തില്‍ സംശയം തോന്നിയ ഷാജന്‍ പുറത്തെത്തി വീണ്ടും ടെസ്റ്റ് ചെയ്തു ഫലം വീണ്ടും നെഗറ്റീവ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിമാനത്താവളം അധികൃതര്‍ തയ്യാറായില്ല. അപ്പോഴേക്കും വിമാനം പറന്നകന്നിരുന്നു.

ഒന്‍പത് മാസമായി ഷാജന്‍ നാട്ടിലെത്തിയിട്ട്. സ്ഥിരമായി ജോലിയോ വരുമാനമോ ഇല്ല. മത്സ്യക്കച്ചവടം നടത്തിയാണ് വറുതിക്കാലം കഴിച്ചുകൂട്ടിയത്. തിരുവനന്തപുരത്ത് നിന്ന് ദുബയിലേക്കും അവിടെ 14 ദിവസം ക്വാറന്റീനില്‍ തങ്ങി സൗദിയിലെത്തി ജോലിയില്‍ പ്രവേശിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ പരിശോധനാ ഫലത്തിലെ അവ്യക്തത മൂലം യാത്ര മുടങ്ങി. ഇതോടെ ഈ യുവാവിന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
ALSO WATCH

 

Most Popular