മഞ്ചേശ്വരം എംഎല്‍എക്കെതിരേ കുരുക്ക് മുറുകുന്നു; 132 കോടിയുടെ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ക്രൈബ്രാഞ്ചിന്

fashion gold jwellery case mc khamarudeen mla

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ പോലീസ് മേധാവി ഡി ശില്‍പയാണ് ഇക്കാര്യം അറിയിച്ചത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി കെ സുധാകരനാണ് അന്വേഷണ ചുമതല.

800ഓളം നിക്ഷേപകരില്‍ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് ആരോപണം. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ നിലവില്‍ ഖമറുദ്ദീനും പങ്കാളിയായ ടി കെ പൂക്കോയ തങ്ങള്‍ക്കും എതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്.

കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ അഞ്ചു പരാതികള്‍ കിട്ടിയതായി പോലീസ് അറിയിച്ചു. ഇതും ക്രൈം ബ്രാഞ്ചിന് കൈമാറും. ആകെ 12 പരാതികളാണ് ജ്വല്ലറി കേസ് സംബന്ധിച്ച് പോലിസിന് ലഭിച്ചത്. ഇതില്‍ തന്നെ ഒരുകോടി എട്ടുലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പോലിസ് പറയുന്നത്.

പോലിസ് അന്വേഷണം ശക്തമാക്കിയതായി അറിഞ്ഞതോടെ നിരവധി പേര്‍ ഇനിയും പരാതിയുമായി രംഗത്തെത്താനിരിക്കുകയാണ്. പയ്യന്നൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ളവര്‍ വഞ്ചിക്കപ്പെട്ട നിക്ഷേപകരുടെ കൂട്ടത്തിലുണ്ട്. പലരും 3 ലക്ഷം രൂപ മുതല്‍ കോടികള്‍ വരെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ മുടക്കിയിരുന്നു. മുസ്ലിം ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്‍ ചെയര്‍മാനായും ചന്തേരയിലെ ടി കെ പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറായുമുള്ള ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പയ്യന്നൂരിലും ചെറുവത്തൂരിലും കാസര്‍കോട്ടുമാണ് സ്വര്‍ണാഭരണ ശാലകള്‍ ഉണ്ടായിരുന്നത്.

ബ്രാഞ്ചുകള്‍ മുഴുവന്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയതോടെയാണ് നിക്ഷേപകര്‍ പണംതിരികെ നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. പല തവണ അവധി പറഞ്ഞെങ്കിലും നിക്ഷേപകരുടെ പണം നല്‍കാന്‍ ഉടമകള്‍ക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ കേസ് നല്‍കിയത്. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നും മറ്റും സ്വര്‍ണാഭരണ വില്‍പ്പന രംഗത്തുണ്ടായ പ്രതിസന്ധിയാണ് ജ്വല്ലറികള്‍ പൂട്ടാനിടയാക്കിയതെന്നാണ് ഉടമകള്‍ അവകാശപ്പെടുന്നത്.