Monday, September 27, 2021
Home News Kerala 100 കോടിയിലേറെ രൂപയുടെ ജ്വല്ലറി തട്ടിപ്പ്; എംസി ഖമുറദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്

100 കോടിയിലേറെ രൂപയുടെ ജ്വല്ലറി തട്ടിപ്പ്; എംസി ഖമുറദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയര്‍മാനും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം എംഎല്‍എയുമായ എം സി ഖമറുദ്ദീന്റെ എടച്ചാക്കൈയിലെ വീട്ടിലും മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും പോലിസ് റെയ്ഡ് നടത്തി. ചന്തേര സി ഐ പി നാരായണന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു റെയ്ഡ്. ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.

എം സി ഖമറുദ്ദീന്‍ ചെയര്‍മാനായ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് തിരിച്ചുനല്‍കിയില്ലെന്നാണ് പരാതി. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുല്‍ ഷുക്കൂര്‍ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്നു ലക്ഷം) എന്നിവരുടെ പരാതിയിലാണ് ആദ്യം ചന്തേര പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. എം സി ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ സ്വകാര്യനിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

പ്രതിസന്ധിയെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ബ്രാഞ്ചുകള്‍ കഴിഞ്ഞ ജനുവരിയില്‍ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കളും കൈമാറി. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. 100 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരില്‍ തട്ടിയതെന്നാണ് ആരോപണം.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലെ 800 നിക്ഷേപകരില്‍ മദ്‌റസാ അധ്യാപകനുള്‍പ്പെടെയുള്ള ഏഴുപേര്‍ നേരത്തേ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കാഞ്ഞങ്ങാട്ടെ സി ഖാലിദ് (78 ലക്ഷം), മദ്‌റസ അധ്യാപകന്‍ പെരിയാട്ടടുക്കത്തെ ജമാലുദ്ദീന്‍ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുല്‍ ബാഷിര്‍ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടകവീട്ടില്‍ താമസിക്കുന്ന തളിപ്പറമ്പിലെ എന്‍ പി നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ കെ സൈനുദ്ദീന്‍ (15 ലക്ഷം) എന്നിവരാണ് പരാതി നല്‍കിയത്. ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും നേരത്തേ വില്‍പന നടത്തിയിരുന്നു.

ഖമറുദ്ദീനെതിരെ ചെക്ക് കേസില്‍ ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡില്‍ 78 ലക്ഷം രൂപ നിക്ഷേപിച്ച കള്ളാര്‍ സ്വദേശികളുടെ പരാതിയിലാണ് കോടതി സമന്‍സ് അയച്ചത്. ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് പണം തിരിച്ചുചോദിച്ചപ്പോള്‍ ചെക്ക് നല്‍കുകയും പണം ഇല്ലാത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. കേസില്‍ ഡിസംബറില്‍ ഹാജരാകാന്‍ ഖമറുദ്ദീന് കോടതി നിര്‍ദേശം നല്‍കി.

എന്നാല്‍, ചിലര്‍ തനിക്കെതിരെ കള്ളക്കേസ് ചമച്ചതാണെന്നാണ് എം സി ഖമറുദ്ദീന്‍ പറയുന്നത്. തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണതിന് പിന്നിലെന്നും നിയമപരമായി നേരിടുമെന്നും ഖമുറുദ്ദീന്‍ പറയുന്നു. നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഇപ്പോള്‍ കൈയില്‍ പണമില്ല. അത് തിരിച്ചുനല്‍കാന്‍ സാവകാശം വേണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഒരു ചാനലിനോട് പറഞ്ഞു.

Most Popular