Sunday, May 16, 2021
Home News Kerala ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; രണ്ട് രാഷ്ട്രീയ നേതാക്കള്‍ നിരീക്ഷണത്തില്‍; ഖമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു...

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; രണ്ട് രാഷ്ട്രീയ നേതാക്കള്‍ നിരീക്ഷണത്തില്‍; ഖമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന എം സി ഖമറുദ്ദീന്‍ എംഎല്‍എയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മതിയായ ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഇന്നലെ രാവിലെ ജയില്‍ മാറ്റിയത്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടഏഴ് കേസുകളില്‍ കൂടി ഖമറുദ്ദീനെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്താന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കി. ഖമറുദ്ദീന്റെ ജാമ്യാപേക്ഷയും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പി എം വി പ്രദീപ് നല്‍കിയ കസ്റ്റഡി അപേക്ഷയും കോടതി നിരസിച്ചിരുന്നു. രണ്ടു തവണ കസ്റ്റഡിയില്‍ വിട്ടതാണെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നയാളാണ് പ്രതിയെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. പി കെ ചന്ദ്രശേഖരന്‍ വാദിച്ചു. തുടര്‍ന്ന് കസ്റ്റഡി അപേക്ഷ നിരസിച്ച ജഡ്ജി ബി. കരുണാകരന്‍ ആവശ്യമെങ്കില്‍ ജയിലില്‍ പോയി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

അതിനിടെ എം സി ഖമറുദ്ദീന്‍ എംഎല്‍എക്കും മാനേജിങ് ഡയറക്ടറും ലീഗ് നേതാവുമായ ടി കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ മൂന്ന്‌കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. രണ്ടു കേസുകള്‍ കാസര്‍കോട് ടൗണ്‍ പൊലിസ് സ്റ്റേഷനിലും ഒരു കേസ് ചന്തേരയിലുമാണ് രജിസ്റ്റര്‍ ചെയ്തത്. നായന്മാര്‍മൂലയിലെ പി അഹ് മദില്‍നിന്ന് എട്ട് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നും ദേളിയിലെ അബ്ദുര്‍ റഹ്മാനില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നുമുള്ള പരാതികളിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് രണ്ടു കേസെടുത്തത്. ഇതുവരെയായി 150 ലധികം കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേ സമയം, ഖമറുദ്ദീന്റെ കൂട്ടുപ്രതിയായ ടി കെ പൂക്കോയ തങ്ങളെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടു രാഷ്ട്രീയ നേതാക്കളെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നിരീക്ഷണത്തിലാക്കി. ഇവരുടെ മൊബൈല്‍ ഫോണ്‍ വിളികളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഖമറുദ്ദീന്‍ അറസ്റ്റിലായ ദിവസം പൂക്കോയ തങ്ങളെ കാറില്‍ കയറ്റിക്കൊണ്ടുപോയി സുരക്ഷിത താവളത്തില്‍ എത്തിച്ചത് ഇരുവരും ചേര്‍ന്നാണെന്നാണ് വിവരം.

Most Popular