ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്: എല്ലാറ്റിനും കാരണം പൂക്കോയ തങ്ങളാണെന്ന് ഖമറുദ്ദീന്‍; താന്‍ വെറും കടലാസ് ചെയര്‍മാന്‍ മാത്രമാണെന്നും മൊഴി

fashion-gold-pookoya-thangaL

കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഡി പൂക്കോയ തങ്ങളെ പഴിചാരി എം സി ഖമറുദ്ദീന്‍ എംഎല്‍എ. ജ്വല്ലറിയുടെ തകര്‍ച്ചയ്ക്ക് കാരണം പൂക്കോയ തങ്ങളാണെന്നാണ് കമറുദീന്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. പൂക്കോയ തങ്ങള്‍ക്കു വേണ്ടി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് എംഡിയും മുസ്‌ലിം ലീഗ് നേതാവുമായ പൂക്കോയ തങ്ങള്‍ ഇപ്പോള്‍ ഒളിവിലാണ്.

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതി അംഗമായ പൂക്കോയ തങ്ങളെ ഇന്നലെ എസ്പി ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. അതിനിടെ നിക്ഷേപ തട്ടിപ്പില്‍ ഒന്നാംപ്രതി ടി കെ പൂക്കോയ തങ്ങളാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെറുവത്തൂരില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന ജ്വല്ലറിയുടെ ആസ്തികള്‍ വിറ്റു. സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള രണ്ട് വ്യക്തികള്‍ 13 കോടി രൂപ നിക്ഷേപകരില്‍നിന്ന് തട്ടിയെടുത്തു. നിക്ഷേപകര്‍ ചോദിക്കുന്ന മുറയ്ക്ക് പണം തിരികെ നല്‍കാം എന്ന് പറഞ്ഞെങ്കിലും വഞ്ചിച്ചു. ഇങ്ങനെ ഗുരുതരമായ കണ്ടെത്തലുകളാണ് ഖമറുദീനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഖമറുദീനെതിരെ നേരത്തെ ചുമത്തിയ വഞ്ചനാ കുറ്റത്തിന് പുറമേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ തന്നെ 406 ഉം 409ഉം വകുപ്പുകള്‍കൂടി ചുമത്തി. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം ചെയ്‌തെന്നും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് ഈ വകുപ്പുകള്‍.

രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ ജ്വല്ലറിക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ ഖമറുദ്ദീന്‍ അന്വേഷണ സംഘത്തോട് അവകാശപ്പെടുന്നത്. ചെര്‍മാനെന്നത് രേഖയില്‍ മാത്രമെന്നും ഖമറുദീന്‍ മൊഴി നല്‍കി. എം.എല്‍.എയുടെ അറസ്റ്റിന് ഇടയിലും രണ്ടുപേര്‍ കൂടി പരാതിയുമായി പോലിസിനെ സമീപിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 117 ആയി.