Wednesday, November 30, 2022
HomeNewsKeralaഫാഷന്‍ ഗോള്‍ഡ് മാതൃകയില്‍ കണ്ണൂരിലും തട്ടിപ്പ്; കോടികളുമായി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്‍ ലീഗ് നേതാവ്...

ഫാഷന്‍ ഗോള്‍ഡ് മാതൃകയില്‍ കണ്ണൂരിലും തട്ടിപ്പ്; കോടികളുമായി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്‍ ലീഗ് നേതാവ് അറസ്റ്റില്‍

കണ്ണുര്‍: മുന്‍ ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് മാതൃകയില്‍ കണ്ണൂരിലും തട്ടിപ്പ്. കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി മുന്‍ മുസ്‌ലിം ലീഗ് നേതാവ് കെ പി നൗഷാദ് അറസ്റ്റില്‍.

ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ന് രാവിലെ കണ്ണുര്‍ വിമാനതാവളത്തില്‍ വച്ചാണ് ഇയാളെ കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കോടെരിയും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളം കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് പ്രതി പിടിയിലായത്. നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി കണ്ണുര്‍ ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സി കെ ഗോള്‍ഡില്‍ മാര്‍ക്കറ്റിങ് വിഭാഗം മാനേജറായിരുന്ന നൗഷാദ് മുങ്ങുകയായിരുന്നു.

ലീഗിന്റെ കണ്ണൂര്‍ പുഴാതി മേഖല പ്രസിഡന്റ് ആയിരുന്നു നൗഷാദ്. പണം നഷ്ടപ്പെട്ട ഏഴുപേര്‍ കണ്ണൂര്‍ എസിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. സ്വര്‍ണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്.

ജനറല്‍ മാനേജരെന്ന നിലയിലാണ് നൗഷാദ് നിക്ഷേപകരെ വലയിലാക്കിയത്. കണ്ണൂര്‍ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്.

ഒരുലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതല്‍ 6000 രൂപവരെ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്.
പഴയ സ്വര്‍ണം നല്‍കുന്നവര്‍ക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവ് സ്വര്‍ണം നല്‍കുന്ന പദ്ധതിയും സികെ ഗോള്‍ഡില്‍ ഉണ്ടായിരുന്നു. ഇങ്ങനെ സ്വര്‍ണവും പലരില്‍നിന്നും സ്വീകരിച്ചിട്ടുണ്ട്. സ്വര്‍ണം ജ്വല്ലറിയില്‍ എത്തിയിരുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. 35 പവന്‍വരെ നഷ്ടപ്പെട്ടവരുണ്ട്. മുന്‍കൂര്‍ പണം നല്‍കാതെ സ്വര്‍ണം വാങ്ങിയവരില്‍നിന്ന് കൈപ്പറ്റിയ പണം ജ്വല്ലറിയില്‍ അടച്ചില്ലെന്നും പരാതിയുണ്ട്. സി കെ ഗോള്‍ഡ് ഉടമകളാണ് ഇത്തരത്തില്‍ 30 ലക്ഷം രൂപ തട്ടിയതായി പൊലീസില്‍ പരാതിപ്പെട്ടത്.

ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച് സ്വര്‍ണം വാങ്ങുന്നതിനുള്ള പദ്ധതിയും ജ്വല്ലറിയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. പണം നഷ്ടമായ കുറച്ചുപേര്‍മാത്രമേ പരാതിയുമായി എത്തിയിട്ടുള്ളൂ. പഴയ സ്വര്‍ണം നല്‍കിയവരില്‍ കൂടുതലും വീട്ടമ്മമാരാണെന്നാണ് സൂചന.

മുസ്ലിം ലീഗിലെ ഭാരവാഹിത്വം ഉപയോഗപ്പെടുത്തിയാണ് നൗഷാദ് ആളുകളെ സമീപിച്ചത്. നേതാക്കളുടെ ശുപാര്‍ശയിലും പണം നിക്ഷേപിച്ചവരുണ്ട്. പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് എട്ടുമാസംമുമ്പ് നൗഷാദിനെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയിരുന്നതായി സി കെ ഗോള്‍ഡ് ഉടമകള്‍ പറഞ്ഞു.

Most Popular