തന്റെ പ്രതികരണം ആര്‍എസ്എസ് ആശയങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിക്കെതിരേ; അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫാത്തിമ തഹ്ലിയ

fathima-tehlliya-cm-pinarayi-vijayan

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായി ഫാത്തിമ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിയ തഹ്ലിയ. ലീഗിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘താന്‍’ എന്ന് അഭിസംബോധന ചെയ്ത സമൂഹമാധ്യമത്തില്‍ ഇട്ട കുറിപ്പില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും അവര്‍ പറഞ്ഞു. ‘കേരളത്തിലെ മുഖ്യമന്ത്രി അത്തരത്തില്‍ ഒരു വര്‍ഗീയ പരാമര്‍ശം നടത്തുമ്പോള്‍ അതിനെതിരെ മിണ്ടാതിരിക്കാന്‍ കഴിയില്ല. അത്തരത്തില്‍ രാഷ്ട്രീയപരമായി തന്നെയാണ് അതിനെതിരെ പ്രതികരിച്ചത്. ആളുകളെ തമ്മില്‍ ഏറ്റുമുട്ടിച്ച് അതില്‍ മുതലെടുപ്പു നടത്തുകയാണ്. ആ മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരയാണ് ഞാന്‍ പ്രതികരിച്ചത്. അതില്‍ ഉറച്ചു നില്‍ക്കുന്നു. ഫാഷിസ്റ്റ് ഭീകരത സൃഷ്ടിക്കുന്ന ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കെതിരെയാണ് പ്രതികരിച്ചത്.’ -ഫാത്തിമ വ്യക്തമാക്കി.

കുറിപ്പിനു താഴെ അസഭ്യവര്‍ഷമാണ് സിപിഎം സൈബര്‍ പോരാളികള്‍ ചൊരിയുന്നത്. ഒരു സ്ത്രീ ആണെന്ന കാര്യത്താല്‍ തന്നെ ഉപയോഗിക്കുന്നത് മോശം പ്രയോഗങ്ങളാണ്, ഇല്ലാക്കഥകള്‍ മെനയുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വനിത കമ്മിഷനും പൊലീസിലും പരാതി നല്‍കുമെന്നും നിയമപരമായി നേരിടുമെന്നും ഫാത്തിമ പറഞ്ഞു.

യുഡിഎഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ എന്ന പിണറായി വിജയന്റെ ചോദ്യത്തിന് ‘യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശനം മിസ്റ്റര്‍ പിണറായി വിജയന്‍?’ എന്ന് തുടങ്ങുന്ന കുറിപ്പാണ് ഫാത്തിമ തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകയാണ് ഫാത്തിയ തെഹ്ലിയ. തനിക്ക് നേരത്തെയും ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് ഫാത്തിമ പറഞ്ഞു. സിപിഎമ്മിന്റെ അസഹിഷ്ണതയാണ് എന്റെ കുറിപ്പിനു താഴെ കണ്ടത്. കോളജ് കാലം മുതല്‍ ഇത്തരം അസഹിഷ്ണതകള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയപരമായ കാര്യങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ഇപ്പോഴും സിപിഎം പഠിച്ചിട്ടില്ലെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.

‘സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കും. അതിനെ അവര്‍ മുഖവിലയ്ക്ക് എടുക്കുമോ എന്ന് എനിക്കറിയില്ല. മുന്‍പും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഞാന്‍ നല്‍കിയ കേസുകളില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി.