എംഎസ്എഫില്‍ പൊട്ടിത്തെറി; നാളെ മാധ്യമങ്ങളെ കാണുമെന്ന് ഫാത്തിമ തഹ്‌ലിയ

Fathima Thahliya

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്‌ക്കെതിരായ മുസ്ലിം ലീഗിന്റെ നടപടിക്കെതിരേ സംഘടനയ്ക്കകത്ത് പ്രതിഷേധം ശക്തമാവുന്നു. വിഷയവുമായി ബന്ധപ്പെട്ട് നാളെ മാധ്യമങ്ങളെ കാണുമെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇഎംഎസ് അല്ല, പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇഎംഎസിന്റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ ആര്‍ ഗൗരി ആണെന്റെ ഹീറോയെന്നും ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എംഎസ്എഫില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ഹരിത വിഭാഗത്തിന് പിന്തുണയേകുന്നതാണ് ഫേസ്ബുക്ക് പോസ്റ്റെന്നാണ് സൂചന.

അതിനിടെ, ഹരിതക്ക് എതിരായ നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എപി അബ്ദുസ്സമദ് രാജിവച്ചു. പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ വിശദീകരിക്കുന്നു.

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് ഹരിതയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിഷയം വിവാദമാവുകയും ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മുസ്ലിംലീഗ് മരവിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ എംഎസ്എഫ് നേതാക്കളോട് വിശദികരണം തേടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഹരിത നല്‍കിയ പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.