ഫാത്തിഹ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി

Fathima Thahiliya

കോഴിക്കോട്: ഹരിത വിഷയത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന ഫാത്തിമ തഹിലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.

ഫാത്തിമയുടെ ഭാഗത്തുനിന്ന് കടുത്ത അച്ചടക്കലംഘനം ഉണ്ടായെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടിയെന്നാണ ലീഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ദേശീയ കമ്മിറ്റി ഫാത്തിമയ്ക്കെതിരെ നടപടി എടുത്തത്.

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരേ വനിതാ വിഭാഗമായ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഫാത്തിമ തഹ്‌ലിയ പെണ്‍കുട്ടികള്‍ക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിത നേതാക്കള്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതിനെതിരേ വനിതാ കമ്മീഷന് പരാതി നല്‍കിയ മുന്‍ ഹരിത ഭാരവാഹികള്‍ക്ക് തഹ്‌ലിയ പിന്തുണ നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് എംഎസ്എഫ് നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയാണ് ലീഗ് ചെയ്തത്. പകരം പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഹരിത കമ്മിറ്റി പുനസംഘടനയിലും ഫാത്തിമ തഹ്‌ലിയ അസംതൃപ്തി പ്രകടപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്‌ലി പറഞ്ഞു. തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു.

ഹരിതയ്ക്ക് പുതിയ കമ്മിറ്റി
പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്.