മലപ്പുറം: എംഎസ്ഫ് ഭാരവാഹികള്‍ അപമാനിച്ചതായുള്ള പരാതിയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള പരിഹാരം താമസിച്ചപ്പോഴാണ് ഹരിത വനിതാ കമ്മീഷനെ സമീപിച്ചതെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. പ്രയാസത്തോടെയാണെങ്കിലും വനിത കമ്മീഷനില്‍ പരാതി നല്‍കേണ്ട സാഹചര്യമുണ്ടായി. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയോട് മുസ്‌ലിം ലീഗ് നീതി കാണിച്ചില്ലെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
സ്വാഭാവിക നീതി ഹരിതക്ക് ലഭിച്ചില്ല. എന്നാല്‍, പാര്‍ട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. പെണ്‍കുട്ടികളുടെ ശബ്ദമാണ് ഹരിതയെന്ന സംഘടന. പ്രശ്‌നത്തില്‍ എംഎസ്എഫിനെ പിന്തുണച്ച മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ചില നേതാക്കളുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
പാര്‍ട്ടി വേദിയിലല്ലാതെ മറ്റെവിടെയും പരാതി ഉന്നയിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്നുള്ള പരിഹാരം താമസിച്ചപ്പോഴാണ് വനിത കമ്മീഷനെ സമീപിച്ചത്. ഹരിതക്കെതിരായ നടപടിയില്‍ സങ്കടമുണ്ട്. പ്രശ്‌നങ്ങള്‍ തുടര്‍ന്നും പാര്‍ട്ടിയില്‍ വേദിയില്‍ ഉന്നയിക്കും. പരാതി പറഞ്ഞവര്‍ക്കൊപ്പമാണ് പാര്‍ട്ടിയില്‍ താന്‍ നിലകൊള്ളുക. ഇതുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
എംഎസ്എഫിന്റെ 11 ജില്ലാ കമ്മിറ്റികള്‍ പി കെ നവാസിനെതിരെ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നവാസിനെ മാറ്റിനിര്‍ത്തണമെന്നാണ് കമ്മിറ്റികളുടെ ആവശ്യം. എന്നാല്‍, കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാമിന്റെ വിശദീകരണം.
ഹരിതക്ക് എതിരായ നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എപി അബ്ദുസ്സമദ് രാജിവച്ചിരുന്നു. പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ വിശദീകരിക്കുന്നു.
ALSO WATCH