ഫാത്തിമ തഹ്‌ലിയ സിപിഎം സ്ഥാനാര്‍ഥിയാവുമോ? ലീഗ് പുറത്താക്കിയത് ഇത് മുന്‍കൂട്ടിക്കണ്ടെന്ന് സൂചന

Fathima Thahiliya

കോഴിക്കോട്: ഹരിത വിവാദത്തില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഫാത്തിമ തഹ്‌ലിയ സിപിഎമ്മിലേക്കു പോകുമെന്ന് സൂചന. തഹ്ലിയയെ ലീഗ് ധൃതിപിടിച്ച് പുറത്താക്കിയത് ഇത് മുന്‍കൂട്ടിക്കണ്ടാണെന്നും റിപോര്‍ട്ട്.

എംഎസ്എഫ് നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ച ഹരിത നേതാക്കളുടെ പരാതി കേള്‍ക്കാത്ത പാര്‍ട്ടി നേതൃത്വത്തിനെതിരേ ഫാത്തിമ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ചിരുന്നു. ഇത് അച്ചടക്ക ലംഘനമായിട്ടാണ് പാര്‍ട്ടി കണ്ടത്. ശേഷം ആരോപണമുന്നയിച്ച ഹരിത കമ്മിറ്റിയെ പിരിച്ച് വിട്ടതിനൊപ്പം ഫാത്തിമ തഹ്ലിയക്കെതിരേയും നടപടിയെടുക്കുന്നതിലേക്കാണ് ലീഗ് നേതൃത്വം പോയത്. ഹരിതയുടെ ആദ്യ സംസ്ഥാന ജറല്‍ സെക്രട്ടറി കൂടിയായിരുന്നു ഫാത്തിമ തഹ്ലിയ.

കഴിവുള്ള നേതാവായ ഫാത്തിമക്കെതിരേ തിടുക്കത്തില്‍ നടപടിയെടുത്തതിന് പിന്നില്‍ സിപിഎം നീക്കങ്ങളും കാരണമായെന്നാണ് വിലയിരുത്തല്‍. വരാനിരിക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ഫാത്തിമയെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാന്‍ സിപിഎം ഒരുങ്ങുന്നുവെന്ന അഭ്യൂഹമാണ് നടപടി വേഗത്തിലാക്കിയതെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി വാഗ്ദാനവുമായി സിപിഎം ഫാത്തിമയെ സമീപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. അന്ന് അത് നിരസിച്ച ഫാത്തിമ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്ന് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചതാണ്. പക്ഷേ, വനിതാ ലീഗിനെ ദീര്‍ഘകാലം നയിച്ച നൂര്‍ബിന റഷീദിനെയാണ് നേതൃത്വം പരിഗണിച്ചത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഫാത്തിമ സിപിഎം സ്ഥാനാര്‍ഥി ആയേക്കുമെന്ന അഭ്യൂഹമാണ് ഉയരുന്നത്. കാനത്തില്‍ ജമീല നിയമസഭാംഗമായതിനാലാണ് നന്മണ്ട ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്ത്രീപക്ഷ രാഷ്ട്രീയമുയര്‍ത്തി കടന്നുവരുന്ന ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കുന്നതിലൂടെ മുസ്ലിം ലീഗിന് രാഷ്ട്രീയ തിരിച്ചടി നല്‍കാനും സാധിക്കും.