Thursday, June 17, 2021
Home News Kerala ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയില്‍ തീര്‍ത്ത സിനിമാ സെറ്റ് തകര്‍ത്ത സംഭവം; ബജറംഗ് ദള്‍ ജില്ലാ നേതാവ്...

ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയില്‍ തീര്‍ത്ത സിനിമാ സെറ്റ് തകര്‍ത്ത സംഭവം; ബജറംഗ് ദള്‍ ജില്ലാ നേതാവ് അറസ്റ്റില്‍

കൊച്ചി: കാലടി മണല്‍പുറത്ത് സിനിമ ചിത്രീകരണത്തിനായി കെട്ടിയ സെറ്റ് തകര്‍ത്ത കേസില്‍ കാര രതീഷ് എന്ന മലയാറ്റൂര്‍ രതീഷിനെ (31) നെ പൊലീസ് അറസ്റ്റ് ചെയ്തു. അഖില ഹിന്ദു പരിഷത്ത്(എഎച്ച്പി) എന്ന ഹിന്ദുത്വ സംഘടനയുടെ പോഷക സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റാണ് ഇയാള്‍.

പെരുമ്പാവൂരിലെ ബോംബേറ് കേസ്, കാലടിയില്‍ നടന്ന സനല്‍ കൊലപാതകം തുടങ്ങി നിരവധി കേസിലെ പ്രതിയാണ് രതീഷെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തുളള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ശിവരാത്രി മണപ്പുറത്ത് മഹാദേവന്റെ അമ്പലത്തിന് മുമ്പില്‍ ക്രിസ്ത്യന്‍ പള്ളി സ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതു കൊണ്ടാണ് പള്ളി പൊള്ളിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

നടന്‍ ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിനായയി ഒരുക്കിയ കൃസ്ത്യന്‍ പള്ളിയുടെ സെറ്റാണ് ഞായറാഴ്ച പൊളിച്ചത്. പെരിയാറിന് നടുക്ക് സ്ഥിതി ചെയ്യുന്ന മഹാദേവ ക്ഷേത്രത്തിന് സമീപം പളളി നിര്‍മ്മിച്ചത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ഹിന്ദുത്വരുടെ ആരോപണം.

ഫെബ്രുവരിയിലാണ് 15 ലക്ഷത്തോളം രൂപ ചെലവില്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് 500 മീറ്ററോളം അകലെ ശിവരാത്രി മണല്‍പ്പുറത്ത് സിനിമ സെറ്റ് നിര്‍മിച്ചത്. സെറ്റ് നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ നിര്‍മാണം നിര്‍ത്തിവച്ചു. രണ്ടു മാസക്കാലം സിനിമ സെറ്റിന് സെക്യുരിറ്റി ജീവനക്കാരുടെ സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. സെറ്റ് നിര്‍മ്മാണം പൂര്‍ത്തീയാകാത്തതിനാല്‍ ചിത്രീകരണവും താല്‍ക്കാലികമായി നീട്ടിവച്ചിരുന്നു. ലോക്ഡൗണിന് ശേഷം സെറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് സെറ്റ് നശിപ്പിച്ചത്.

film set vandalizing; Bajrang dal leader arrested

Most Popular