തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാരിറ്റി എന്ന പേരില്‍ തട്ടിപ്പ് നടത്തി ജീവിക്കുന്നവരെ ഉന്നമിട്ട് ഇറങ്ങാനിരിക്കുന്ന സിനിമക്കെതിരേ ഫിറോസ് കുന്നംപറമ്പില്‍. റിയാസ്ഖാന് മുഖ്യവേഷത്തിലെത്തുന്ന സിനിമയില്‍ സുരേഷ് കോടാലിപ്പറമ്പന് എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. പല്ല് പറിക്കാന്‍ സഹായിക്കുന്നതിന് കോടികള്‍ പിരിക്കുന്നത് വിവരിക്കുന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെയും ചേര്‍ത്ത് വച്ച് ട്രോളുകളും സജീവമായിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഫിറോസ്.
‘വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ഇനിയും വിമര്‍ശിക്കണം. എനിക്കെതിരെ ആക്ഷേപം ഉയരുമ്പോള്‍ അന്ന് ചെയ്യുന്ന വിഡിയോയ്ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ട്. ഒരു സംഘം തന്നെ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. അവര്‍ ഇപ്പോള്‍ ഒരു സിനിമയുമായി വരെ രംഗത്തെത്തുകയാണ്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് സിനിമ വരെ എടുക്കുകയാണ്. ഞാന്‍ സ്വര്‍ണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും എനിക്കെതിരെ നടത്തൂ. സിബിഐയെ െകാണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയില്‍ കനമില്ല..’ ഫിറോസ് അവകാശപ്പെട്ടു.
റിയാസ് ഖാന് മുഖ്യവേഷത്തിലെത്തുന്ന മായക്കൊട്ടാരം എന്ന സിനിമ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നല്ല രീതിയില്‍ ഓണ്‍ലൈന്‍ ചാരിറ്റി ചെയ്യുന്നവരെ ആക്ഷേപിക്കാന്‍ അല്ലെന്നും ഇതിന് പിന്നില്‍ തട്ടിപ്പ് നടത്തുന്നവരെ മാത്രം ലക്ഷ്യമിട്ട്, അത്തരത്തിലൊരു കഥാപാത്രത്തെ മുന്‍നിര്‍ത്തിയുള്ള സിനിമാണിതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ചാരിറ്റിപ്രവര്‍ത്തനം ബിസിനസാക്കി മാറ്റിയ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങള്‍ പിരിക്കുന്നത്. അതിന്റെ പേരില്‍ അവര്‍ തമ്മില്‍ തന്നെ വാഗ്വാദങ്ങളും തെറിവിളികളും മറ്റും പതിവായിരുന്നു. പിരിച്ചെടുത്ത പണത്തിന്റെ വിഹിതം നല്‍കാത്തതിന്റെ പേരിലുള്ള തര്‍ക്കങ്ങളുമുണ്ട്. ഫിറോസ് കുന്നംപറമ്പിലിനെതിരേയും ഇത്തരത്തില്‍ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു.