Friday, September 17, 2021
Home News Kerala സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം തടവ്

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം തടവ്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ 5 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം തടവ്. കുപ്പം വൈര്യാം കോട്ടം സ്വദേശി കല്ലിങ്കില്‍ ദിനേശനെയാണ് വധിക്കാന്‍ ശ്രമിച്ച കേസിലാണ് വിധി. തളിപ്പറമ്പ് കുപ്പത്തെ ലീഗ് പ്രവര്‍ത്തകരായ ആവാര സുബൈര്‍ (45), എന്‍ മുസ്തഫ (50), ഉളിയന്‍ മൂലയില്‍ മൊയ്തീന്‍ (39), മീത്തലെ വളപ്പില്‍ ഷഫീഖ് എന്ന കൊള്ളി ഷെഫീഖ് (38), ഉളിയന്‍ മൂലയില്‍ തയ്യിബ്ബ് (38) എന്നിവരെയാണ് പയ്യന്നൂര്‍ അസി.സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി പി സി മുസ്തഫ നേരത്തെ മരിച്ചിരുന്നു. ആയുധം ഒളിപ്പിക്കാന്‍ സഹായിച്ച പാലക്കോടന്‍ ഷബീറിനെ (38) രണ്ടു വര്‍ഷം തടവിനും ശിക്ഷിച്ചു. പ്രതികള്‍ 37,500 രൂപ പിഴയടക്കുകയും വേണം.

2001 ആഗസ്ത് 21നാണ് കേസിനാസ്പദമായ സംഭവം. ലോഡിങ് തൊഴിലാളിയായ ദിനേശന്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കുപ്പം പുഴക്കരയില്‍ ലീഗ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. വലതു കാലും ഇടതു കൈയ്യും പൂര്‍ണമായും അറ്റ നിലയിലായിരുന്നു. അക്രമത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട ദിനേശന്‍ വര്‍ഷങ്ങളോളം ചികിത്സയില്‍ കഴിഞ്ഞിരുന്നു.

ദിനേശനെ കൊല്ലാന്‍ ശ്രമിച്ചതിന് പിന്നാലെ തളിപ്പറമ്പ് മേഖലയില്‍ വ്യാപകമായി സിപിഎം- ലീഗ് സംഘര്‍ഷമുണ്ടാവുകയും ഇതിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനായ കുപ്പത്തെ ലത്തീഫിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കേസിലെ മുഴുവന്‍ പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയായിരുന്നു.

 

Most Popular