10 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നാലു യുവാക്കള്‍ അറസ്റ്റില്‍

cripto-kannur

കണ്ണൂര്‍: ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ നാലു യുവാക്കളെ കണ്ണൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്ന് ആയിരത്തോളം പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് പോലിസ് പറയുന്നത്.

കാസര്‍കോട് ആലംപാടിയിലെ പി മുഹമ്മദ് റിയാസ് (31), കോഴിക്കോട് എരിഞ്ഞിക്കിലിലെ വസിം മുനവറലി (35), മഞ്ചേരി പുളിയറമ്പിലെ സി ഷെഫീഖ്, മലപ്പുറം വണ്ടൂരിലെ മുഹമ്മദ് ഷെഫീഖ് (28) എന്നിവരാണ് അറസ്റ്റിലായതെന്ന് കണ്ണൂര്‍ സിറ്റി അസി. പൊലീസ് കമീഷണര്‍ പി പി സദാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2019ലാണ് തട്ടിപ്പിന് തുടക്കം. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ച ലോങ് റിച്ച് ടെക്‌നോളജി സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. പ്രതിദിനം രണ്ട് മുതല്‍ അഞ്ചു ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തണ് ആളുകളില്‍ നിക്ഷേപം സ്വീകരിച്ചത്. ഒരാളില്‍നിന്ന് ഒരു ലക്ഷം രൂപ വീതം 1000 പേരില്‍ നിന്ന് പണം വാങ്ങിയതായാണ് വിവരം.

ഇതിനു പുറമെ ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിനും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ബംഗളൂരുവിലെ കമ്പനിപൂട്ടിയിട്ട് നാളേറെയായി. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തിക്കൊണ്ടിരുന്നത്. ഇതില്‍ 34 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ നേരത്തെ മലപ്പുറത്ത് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പിടിയിലായത്.
ALSO WATCH