തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നു പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നു വന്ന പ്രവാസികളാണ്. രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും വന്നതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരനും മെയ് ഏഴിനുതന്നെ ദുബായില്‍ നിന്ന് കരിപ്പൂരെത്തിയ തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരനുമാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച പ്രവാസികള്‍. നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നു വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നു വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നു 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്. അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
അബുദബി മദീന സെയ്ദില്‍ തയ്യല്‍ തൊഴിലാളിയാണ് മാറഞ്ചേരി പുറങ്ങ് സ്വദേശി. രണ്ട് വര്‍ഷമായി അവിടെ തുടരുന്നതിനിടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് ഏഴിന് അബുദബിയില്‍ നിന്നുള്ള ഐഎക്സ് – 452 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാത്രി 12 മണിക്ക് കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ടട്ര വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മറ്റ് 13 പേര്‍ക്കൊപ്പം പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്.ടി.സി ബസില്‍ മെയ് എട്ടിന് പുലര്‍ച്ചെ 4.15 ന് കോഴിക്കോട് സര്‍വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തി. പ്രകടമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലും ഇയാളുടെ വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാലും അബൂദബിയില്‍ നിന്ന് കൂടെയെത്തിയ ബന്ധുവിനും ഇയാളുടെ വീട്ടില്‍ തന്നെ താമസിക്കാനുള്ള പ്രത്യേക സൗകര്യം ഉള്ളതിനാലും ഇരുവരേയും പ്രത്യേകം ഏര്‍പ്പെടുത്തിയ ടാക്സിയില്‍ പുറങ്ങിലെ വീട്ടിലേക്കയച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ ഇരുവരും വ്യത്യസ്ത മുറികളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 10 ന് വൈകീട്ട് ഏഴ് മണിക്ക് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അജ്മാനില്‍ താമസിക്കുന്ന മാണൂര്‍ നടക്കാവ് സ്വദേശി ഷാര്‍ജയില്‍ കരാര്‍ തൊഴിലാളിയാണ്. മെയ് ഏഴിന് ദുബയില്‍ നിന്ന് ഐഎക്സ് – 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാത്രി 10.35 ന് കരിപ്പൂരെത്തി. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം മറ്റ് 17 പേര്‍ക്കൊപ്പം മെയ് എട്ടിന് പുലര്‍ച്ചെ 2.30 ന് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മെയ് 10 ന് രാവിലെ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചക്ക് ശേഷം 4.30 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സാമ്പിള്‍ പരിശോധനക്ക് അയക്കുകയായിരുന്നു.
four expats returned to kerala from gulf confirmed corona today