റേഷന്‍ കടകള്‍ വഴി അരിയും പഞ്ചസാരയും മുതല്‍ സാമ്പാര്‍ പൊടിവരെ സൗജന്യമായി കൊടുക്കുമെന്ന വാഗ്ദാനം സത്യമോ?

free ration in kerala

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടുത്ത മാസം എല്ലാ റേഷന്‍ ഷോപ്പുകളിലും അരിയും പഞ്ചസാരയും മുതല്‍ സാമ്പാര്‍ പൊടിവരെയുള്ള സാധനങ്ങള്‍ സൗജന്യമായി കൊടുക്കുമെന്ന വാഗ്ദാനം നുണ. ഇങ്ങിനെയൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഭക്ഷ്യവിതരണ വകുപ്പ് ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.

താഴെപറയുന്ന വ്യാജസന്ദേശമാണ് വാട്ട്‌സാപ്പ് വഴി പ്രചരിക്കുന്നത്.

കേരളാ ഗവണ്മെന്റ് പൊതുമരാമത്ത് ഫ്രീയായിട്ട് വിതരണം ചെയ്യുന്ന വസ്തുക്കള്‍ ഏഫ്രീല്‍ 2 ന് എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ് ബോണസായി കൊടുക്കുന്നു

40kg പുഴുങ്ങലരി
10 kg പഞ്ചസാര
3 Li എണ്ണ
500g ചായപ്പൊടി
5 kg ഗോതമ്പ്
10 kg മൈത
10kg പച്ചരി
500g ഡാല്‍ഡ
300 g കടുക്
300 g ഉലുവ
300 g ജീരകം
500 g പുളി
500 g ചെറിയുള്ളി
500 g വെള്ളുള്ളി
1500 g മുളക്
1500 g മല്ലി
500 g മഞ്ഞള്‍
500 സാമ്പാര്‍ പൊടി
ഒരോ ആയ്ചക്കും125 രുപയുടെ പച്ചക്കറി കൂപ്പണ്‍

ഇതോടൊപ്പം ഒരു വോയ്‌സ് ക്ലിപ്പും പ്രചരിക്കുന്നുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെയാണ്:
ഏപ്രില്‍ മാസത്തില്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ അരിയും മറ്റു സാധനങ്ങളും സൗജന്യമായി കൊടുക്കാന്‍ കേരള സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അടുത്ത മാസം കൃത്യസമയത്ത് തന്നെ മുഴുവന്‍ ആളുകളും സാധനങ്ങള്‍ വാങ്ങണമെന്നും ഏതെങ്കിലും റേഷന്‍ ഷോപ്പുകളില്‍ തരാതിരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ തൊട്ടടുത്ത സപ്ലൈ ഓഫിസില്‍ പരാതി നല്‍കണമെന്നും അറിയിക്കുന്നു.

അതേ സമയം, കോവിഡ് 19 മൂലമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സൗജന്യ റേഷന്‍ കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, അത് എന്നുമുതലാണ് കൊടുക്കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഭക്ഷ്യവകുപ്പ് അധികൃതര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.