Sunday, September 26, 2021
Home News Kerala നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ സൗജന്യ സിം കാര്‍ഡ് വാങ്ങാന്‍ മറക്കരുത്; ക്വാരന്റൈനില്‍ എത്തിയാല്‍ പണികിട്ടും

നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ സൗജന്യ സിം കാര്‍ഡ് വാങ്ങാന്‍ മറക്കരുത്; ക്വാരന്റൈനില്‍ എത്തിയാല്‍ പണികിട്ടും

ദോഹ: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന സിം കാര്‍ഡ് നിസ്സാരമാക്കി വാങ്ങാതിരിക്കരുത്. ക്വാരന്റൈനില്‍ എത്തിയാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായിരിക്കും ഈ സിം കാര്‍ഡ്.

വിമാനത്താവളത്തില്‍ മുഖ്യപരിഗണന നല്‍കി ബിഎസ്എന്‍എല്‍ സിംകാര്‍ഡ് വിതരണംചെയ്‌തെങ്കിലും പലരും വാങ്ങാന്‍ തയ്യാറായില്ല. സിംകാര്‍ഡ് വാങ്ങാത്തവര്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ മറ്റുമാര്‍ഗമില്ലാതെ കുടുങ്ങി. വിദേശത്തെ സിം കാര്‍ഡ് നാട്ടില്‍ ഉപയോഗിക്കാമെന്ന് കരുതിയ പലര്‍ക്കും തടസ്സങ്ങള്‍ നേരിട്ടു.

ക്വാറെന്റെന്‍ കേന്ദ്രത്തിലെ മുറികളില്‍ കയറിക്കഴിഞ്ഞാല്‍ പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം ഫോണ്‍ മാത്രമാണ്. ഇതു പരിഗണിച്ചാണ് വിമാനത്താവളത്തില്‍ സിംകാര്‍ഡ് വിതരണംചെയ്തത്. എന്നാല്‍, വിമാനമിറങ്ങിയ പലരും സിംകാര്‍ഡ് നിരസിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. ഫോണ്‍ വിളിക്കാനുള്ള സൗകര്യക്കുറവ് പ്രവാസികള്‍ക്കുതന്നെ തിരിച്ചടിയായി.

ഇവരില്‍ ജീവിതശൈലീരോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയുള്ളവരുണ്ട്. ഇത്തരക്കാര്‍ക്ക് ആവശ്യമായ മരുന്നുകളും കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവരുമായി ഡോക്ടര്‍ അടക്കമുള്ള ആരോഗ്യസംഘം ബന്ധപ്പെടുന്നതും ഫോണിലൂടെയാണ്. കേന്ദ്രത്തിലെത്തിയ 37 പേരുമായി നേരിട്ടുസംസാരിച്ച് വിവരശേഖരണം നടത്താന്‍ പ്രയാസമാണെന്ന് കാളികാവിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോ. ജസീല വളപ്പില്‍ പറഞ്ഞു.

ജീവിതശൈലീരോഗങ്ങളുള്ള പ്രവാസികള്‍ക്ക് ഫോണിലൂടെ സംസാരിച്ചാണ് മരുന്നുകള്‍പോലും നല്‍കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. നമ്പര്‍ ഇല്ലാത്തവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് ബിഎസ്എന്‍എല്‍ സിംകാര്‍ഡ് നല്‍കുമെന്ന് അറിയിച്ചതായും ഡോക്ടര്‍ പറഞ്ഞു.

Most Popular