പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു

Pala st thomas college murder

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊന്നു. വൈക്കം തലയോലപ്പറമ്പ് കളപ്പുരക്കല്‍ വീട്ടില്‍ നിധിന മോള്‍(22) ആണ് മരിച്ചത്. ബി-വോക് ഫുഡ് ടെക്നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിധിന.

വെള്ളിയാഴ്ച രാവിലെ 11.30 ഓടെ കോളജ് കാമ്പസിനകത്ത് വച്ചാണ് കൊലപാതകം നടന്നത്. കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. പെണ്‍കുട്ടിയെ കുത്തിയ കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. കോളജ് വളപ്പില്‍ കാത്തുനിന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. പരീക്ഷയെഴുതാൻ കോളജിൽ എത്തിയ ഇരുവരും വഴക്കിടുകയും പിന്നീട് നിഥിനയെ അഭിഷേക് കൊലപ്പെടുത്തുകയുമായിരുന്നു. അഭിഷേക് നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി കഴുത്തറുത്തു, പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരൻ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടു വര്‍ഷമായി പ്രണയത്തില്‍

കൊല്ലപ്പെട്ട നിഥിനയുമായി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പ്രതി അഭിഷേക്. അടുത്തിടെയുണ്ടായ അകല്‍ച്ചയാണ് വൈരാഗ്യത്തിന് കാരണം. ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാനാണ്. കൊലപ്പെടുത്താൻ ഉദേശിച്ചില്ലെന്നും പ്രതി പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കി.

വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കള്‍
കൊലപാതകത്തിനു തൊട്ടുമുന്‍പു വരെ അഭിഷേകും നിഥിനയും നല്ല സൗഹൃദത്തിലായിരുന്നുവെന്ന് സഹപാഠി ടിബിന്‍. പരീക്ഷയ്ക്ക് ഇരുവരും എത്തിയത് സന്തോഷത്തോടെയാണ്. എന്നാല്‍ ക്രൂരമായി നിഥിനയെ അഭിഷേക് കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം അറിയില്ലെന്നും ടിബിന്‍ പറഞ്ഞു.

‘അഭിഷേകും നിഥിനയും എന്റെ നല്ല സുഹൃത്തുക്കളാണ്. കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ഒരു പ്രശ്‌നവും ഇരുവരും തമ്മിലുണ്ടായിരുന്നില്ല. രണ്ടുപേരും നല്ല അടുപ്പമാണ്. പക്ഷേ അത് പ്രണയമാണോയെന്ന് അറിയില്ലായിരുന്നു. കോവിഡ് വന്നതോടെ കോളജില്‍ വരാതെയായി. പരീക്ഷ, പ്രൊജക്ട് തുടങ്ങിയ കാര്യങ്ങള്‍ക്കു മാത്രം കോളജില്‍ വരുമ്പോള്‍ ഇവരെ കാണാറുണ്ട്.

പരീക്ഷയ്ക്കു കയറുമ്പോള്‍ അഭിഷേകിനെ കണ്ടു സംസാരിച്ചിരുന്നു. അപ്പോഴും സ്വഭാവത്തില്‍ സംശയമൊന്നും തോന്നിയില്ല. പരീക്ഷയെഴുതി പുറത്തുവന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വിശ്വസിക്കാനായില്ല’ ടിബിന്‍ പറഞ്ഞു.