Monday, October 25, 2021
HomeNewsKeralaമുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വപ്‌നയുടെ മൊഴി; കവര്‍ കൊടുത്ത കാര്യം സ്ഥിരീകരിച്ച്‌ ശിവശങ്കര്‍

മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വപ്‌നയുടെ മൊഴി; കവര്‍ കൊടുത്ത കാര്യം സ്ഥിരീകരിച്ച്‌ ശിവശങ്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. ഡോളര്‍ കടത്ത് കേസില്‍ ആറു പ്രതികള്‍ക്ക് കസ്റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന മൊഴിയുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ യുഎഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ 2017ലെ വിദേശ യാത്രയ്ക്കിടെ കൊണ്ടുപോകാന്‍ മറന്ന ഒരു പൊതി വിദേശത്തേക്ക് അറ്റാഷെ വഴി എത്തിച്ചു നല്‍കിയെന്നും അതില്‍ ഡോളറായിരുന്നു എന്നും സരിത്ത് സ്വപ്നയോടു പറഞ്ഞുവെന്നാണ് മൊഴി.

യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കി. പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സി ഉണ്ടെന്ന് എക്‌സ്‌റേ സ്‌കാനിംഗില്‍ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത്ത് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയെന്ന കാര്യം എം ശിവശങ്കര്‍ സ്ഥിരീകരിച്ചു. കൈമാറിയത് യുഎഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം.

കോണ്‍സല്‍ ജനറലും നയതന്ത്ര ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും കടത്തിയിട്ടുണ്ടെന്നു സരിത്ത് തന്നോടു പറഞ്ഞത് സ്വപ്ന മൊഴിയില്‍ പറയുന്നു. നേരത്തേയും ഈ മൊഴി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
ALSO WATCH

 

Most Popular