Thursday, August 5, 2021
Home News Kerala സ്വര്‍ണക്കടത്തില്‍ സംഘപരിവാര ബന്ധമോ? ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്തില്‍ സംഘപരിവാര ബന്ധമോ? ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംഘപരിവാര ചാനലായ ജനം ടി വി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തു. മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് നിലവില്‍ കസ്റ്റസ് തീരുമാനം. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കുറ്റമേല്‍ക്കാന്‍ സരിതിനോട് പറയണമെന്ന് അനില്‍ ഉപദേശിച്ചതായി സ്വപ്നയുടെ മൊഴിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അനില്‍ സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം സ്വപ്നയുമായി സംസാരിച്ചിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. വിദേശത്തുള്ള ഒരു കേസിന്റെ പേരില്‍ അനിലിന് യാത്രാ വിലക്കുണ്ടായിരുന്നത് സ്വപ്ന സുരേഷ് ഇടപെട്ടാണ് നീക്കിയത്. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി ചോദ്യം ചെയ്‌തെങ്കിലും സ്വപ്ന സ്വര്‍ണക്കടത്തുകാരിയാണെന്ന് നേരത്തേ അറിയില്ലെന്നാണ് അനില്‍ നമ്പ്യാരുടെ മൊഴി. സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് കഥകള്‍ പ്രചരിക്കുന്നതിനിടെയാണ് അന്വേഷണം സംഘപരിവാരത്തിലേക്കും നീളുന്നത്.

എന്നാല്‍, മൊഴിയില്‍ കസ്റ്റംസിന് ചില സംശയങ്ങളുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും. അതേ സമയം, മുഖ്യമന്ത്രി മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെയും ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിപ്പിച്ചെങ്കിലും അരുണ്‍ ഹാജരായില്ല.

അതേ സമയം, ജനം ടിവി ചാനലിലെ പ്രധാനിയെ ചോദ്യം ചെയ്തതോടെ ചാനലുമായുള്ള ബന്ധം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ബിജെപിക്ക് ചാനലില്ലെന്ന് സംസ്ഥാന സുരേന്ദ്രന്‍ പറഞ്ഞു. ദേശ സ്‌നേഹികളായ കുറച്ച് പേര്‍ നടത്തുന്ന ചാനലാണ് അത്. അതില്‍ ബിജെപിക്കാരായ ആരുമില്ല. ഇതിനെ ബിജെപിയുമായി നിങ്ങള്‍ കൂട്ടിക്കുഴയ്ക്കരുതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Most Popular