Friday, May 7, 2021
Home News Kerala സ്വര്‍ണ്ണക്കടത്ത് കേസ്: ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി

സ്വര്‍ണ്ണക്കടത്ത് കേസ്: ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് എഫ്‌ഐആറുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തിരുന്നത്. ഒന്ന് സ്വപ്ന സുരേഷിന്റെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ടാമത്തേത് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴിയുമായി ബന്ധപ്പെട്ടതാണ്. ഈ ശബ്ദരേഖയിലും മൊഴിയിലും പറഞ്ഞിരുന്നത്, മുഖ്യമന്ത്രി അടക്കം സംസ്ഥാനസര്‍ക്കാരിന്റെ തലപ്പത്തുള്ള പ്രധാനനേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നു എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളത്തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആറുകളാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷണത്തെ ബാധിക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഇഡി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റൊരു സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിക്ക് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അധികാരപരിധിയില്‍ കടന്നുകയറാന്‍ കഴിയില്ലെന്നും ഇഡി ഹര്‍ജിയില്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചുകൊണ്ടാണ് എഫ്‌ഐആറുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഈ കേസുകളില്‍ യാതൊരു തുടര്‍നടപടികളും പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. പരാതിക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഹൈക്കോടതി ഉത്തരവിന് ശേഷവും പരാതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഈ കേസ് പരിഗണിക്കുന്ന പ്രത്യേകകോടതിയെ സമീപിക്കാം, അവിടെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരില്‍ ഒരാള്‍ സന്ദീപ് നായരാണ്. കോടതിയ്ക്ക് മുമ്പാകെ, മുഖ്യമന്ത്രിക്ക് എതിരെ അടക്കം മൊഴി കൊടുക്കാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്ന് കത്ത് നല്‍കിയിരുന്നു സന്ദീപ് നായര്‍. ഇതില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പ്രത്യേകകോടതി മുമ്പാകെ നല്‍കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.

Most Popular