Tuesday, April 13, 2021
Home News Kerala സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ; ചാറ്റ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ; ചാറ്റ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ. സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിയിലാകുന്നതിന് മുമ്പ് പ്രതികള്‍ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ഡൗണ്‍ അവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ചത് റമീസാണ്. വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുമാണ് സ്വപ്നയില്‍ നിന്ന് എന്‍ഐഎ പിടിച്ചെടുത്തത്. ഇവ വിശദമായി പരിശോധിച്ചു. ഇതില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഫേസ് ലോക്ക് ചെയ്തിട്ടുള്ളവയാണ്. ഇവ രണ്ടും സ്വപ്നയുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ചു. ഇതില്‍ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചു.

സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവെക്കുന്നതു മുതല്‍ ഇവര്‍ പിടിയിലാകുന്നതിന് മുമ്പുവരെയുള്ള സന്ദേശങ്ങള്‍ ടെലഗ്രാം, വാട്ട്സ് ആപ്പ് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നുവെന്നാണ് എന്‍ഐഎ പറയുന്നത്. ഇതില്‍ സുപ്രധാനമായ ചാറ്റുകള്‍ ഇവര്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

സ്വപ്‌നയും സന്ദീപും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനകള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണ് എന്‍ഐഎ പറയുന്നത്. നേരത്തെ കസ്റ്റംസും സമാനമായ കണ്ടെത്തലാണ് നടത്തിയത്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് എന്‍ഐഎയുടേത്.

സ്വപ്ന സുരേഷ് സ്വര്‍ണക്കടത്തുവഴി ലഭിച്ച പണം പല രൂപത്തിലാണ് നിക്ഷേപിച്ചത്. ബാങ്കിലും അല്ലാതെയുമുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇവര്‍ എന്‍ഐഎയ്ക്ക് നല്‍കി.

Most Popular