വ്യാജ വാര്‍ത്തകളും വ്യക്തിഹത്യകളും നടത്തുന്ന ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കും മൂക്കുകയറിടാനൊരുങ്ങി സര്‍ക്കാര്‍

social-media-pinarayi-vijayan

കോട്ടയം: അശ്ലീല, വ്യാജവാര്‍ത്ത, അധിക്ഷേപ വിഡിയോകള്‍ നിര്‍മിക്കുന്ന ആളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരും പോലിസും പദ്ധതി തയ്യാറാക്കുന്നു. നടി ഭാഗ്യലക്ഷ്മിയെയും മറ്റു സ്ത്രീകളെയും യൂട്യൂബ് വിഡിയോ വഴി അപമാനിച്ചെന്ന പരാതിയില്‍ വെള്ളായണി സ്വദേശി വിജയ് പി നായര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ഈ മേഖലയില്‍ നടക്കുന്ന ദുഷ്പ്രവണതകള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍
ലൈംഗിക അധിക്ഷേപം കൂടാതെ വ്യാജ വാര്‍ത്തകളും വ്യക്തിഹത്യകളും നടത്തുന്ന സ്വകാര്യ വ്യകതികള്‍ക്കും ഓണ്‍ലൈന്‍ മീഡിയകള്‍ക്കും എതിരെ നിയമ നടപടി സര്‍ക്കാര്‍ തീരുമാനം.

വിമര്‍ശിക്കാം പക്ഷേ അധിക്ഷേപം ആകരുത് എന്നാണ് സര്‍ക്കാര്‍ വാദം. കടുത്ത അധിക്ഷേപം ചൊരിയുന്ന ചില വ്‌ലോഗര്‍മാരെയാണ് ആദ്യ പടിയായി സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ആലോചിക്കുന്നത്. ഇക്കൂട്ടര്‍ വിമര്‍ശനത്തിന് മാത്രമല്ല സര്‍ക്കാരിനെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വ്യക്തിപരമായി അധിക്ഷേപിക്കാനാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്ന് സിപിഎമ്മും പറയുന്നു. ഒന്നാം യുപിഎ സര്‍ക്കാരിനെതിരെ ബാബ രാംദേവ്, അണ്ണാ ഹസാരെ എന്നിവരെ മുന്നില്‍ നിര്‍ത്തി ‘നിഷ്പക്ഷ സമരം’ നയിച്ച ബിജെപി, ആര്‍എസ്എസ് നേതൃത്വമാണ് പുറമെ നിഷ്പക്ഷത നടിക്കുന്ന ഇത്തരം വിഡിയോകള്‍ക്ക് പിന്നിലെന്ന് സര്‍ക്കാരും സിപിഎമ്മും കരുതുന്നു.

ഇത്തരം വിഡിയോകളില്‍ വ്യക്തികള്‍ ഉപയോഗിക്കുന്ന ഭാഷയും ക്യാപ്ഷനുമാണ് സര്‍ക്കാരിനെയും ഭരിക്കുന്ന പാര്‍ട്ടിയെയും ഏറ്റവുമധികം ചൊടിപ്പിക്കുന്നത്. പത്രങ്ങളും ചാനലുകളും സഭ്യമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സെന്‍സറിങ് ഇല്ലന്നും സോഷ്യല്‍ മീഡിയയില്‍ സജീവമായ ജനതയെ ആകര്‍ഷിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.

മന്ത്രിമാരെയും കുടുംബങ്ങളെയും ഉദ്യോഗസ്ഥരെയും കുറിച്ചു അപവാദം പ്രചരിപ്പിക്കുന്ന ഇക്കൂട്ടര്‍ക്കെതിരെ യൂട്യൂബില്‍ പരാതിപ്പെടുകയും ഒപ്പം സൈബര്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ടു നിയന്ത്രണം കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ തീരുമാനം.