ഗുരുവായൂരപ്പന്റെ ഥാര്‍ ബഹ്‌റൈന്‍ പ്രവാസി അമല്‍ മുഹമ്മദലിക്ക് തന്നെ നല്‍കും

Guruvayoorappan thar

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന് കാണിക്കയായി ലഭിച്ച ‘മഹീന്ദ്ര ഥാര്‍’ വാഹനം ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദലിക്കുതന്നെ നല്‍കും. ലേലത്തിന് തൊട്ടുപിന്നാലെ സംഭവം വിവാദമായിരുന്നു. ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച വാഹനം ഒരു മുസ്ലിമിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാര പ്രവര്‍ത്തകരാണ് പ്രധാനമായും രംഗത്തെത്തിയത്.

എന്നാല്‍, നിയമപരമായി വാഹനം ലേലം കൊണ്ടയാള്‍ക്ക് തന്നെ നല്‍കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം രൂപ അമല്‍ നല്‍കും. പതിനഞ്ചു ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തില്‍ പോയത്.

കൊച്ചി ഇടപ്പള്ളി സ്വദേശിയാണ് ബഹ്‌റൈനില്‍ പ്രവാസിയായ അമല്‍ മുഹമ്മദലി. കൂടുതല്‍ തുക നല്‍കാമെന്ന് പറഞ്ഞ് പ്രവാസി മലയാളികള്‍ രംഗത്തു വന്നിരുന്നു. ലേലത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

15,10,000 രൂപക്കായിരുന്നു അമല്‍ മുഹമ്മദലി ഥാര്‍ ലേലം ഉറപ്പിച്ചിരുന്നത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ബഹ്റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദലി.

ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്‌യുവി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്.