കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 2021ലെ ഹജ്ജിനായി ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 10 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി. ജനുവരിയിലായിരിക്കും നറുക്കെടുപ്പ്. ജൂണ്‍ 26 മുതല്‍ ജൂലൈ 13 വരെയാണ് വിമാന സര്‍വിസ്. ജൂലൈ 30 മുതല്‍ ആഗസ്റ്റ് നാലുവരെ മടക്ക സര്‍വിസ്.
എന്നാല്‍ അവസരം ലഭിച്ചവര്‍ക്കായി ആദ്യഗഡു അടക്കാനും തുക അടച്ചതിന്റെ പേ-ഇന്‍ സ്ലിപ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കാനുമുള്ള സമയപരിധി മാര്‍ച്ച് ഒന്ന് വരെയാണ്. വിമാന സര്‍വിസിന്റെ ടെന്‍ഡര്‍ നടപടികള്‍ ജനുവരി, ഫെബ്രുവരിയോടെ പൂര്‍ത്തിയാകും.
അതോടൊപ്പം അടുത്തവര്‍ഷത്തെ ഹജ്ജിന്റെ ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 19 അറഫ ദിനമായി കണക്കാക്കിയാണ് തീയതികള്‍ നിശ്ചയിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അപേക്ഷിക്കാവുന്ന വയസ്സ്, ആരോഗ്യപരവും മറ്റുമുള്ള യോഗ്യതകള്‍ എന്നിവ അടങ്ങിയ നിര്‍ദേശങ്ങള്‍ അറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് സൗദി അറേബ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. പ്രത്യേക ചട്ടങ്ങളുണ്ടാകും.