കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ മാതാവിന് ചെറിയ പനി. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രാഥമിക സമ്പര്‍ക്കമുള്ള ഇവര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഇവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞു. പ്രൈമറി കോണ്ടാക്റ്റാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കന്‍ഡറി കോണ്ടാക്റ്റ് തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്.
ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
റൂട്ട് മാപ്പ് പുറത്തുവിട്ടു
നിപ ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മെഡിക്കല്‍ കോളേജിലേക്കും ശേഷം മിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.
27.08.2021 വെള്ളിയാഴ്ച – വെകുന്നേരം 5 മണി- 5.30 വരെ- പാഴൂരില്‍ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു
28.08.2021 ശനിയാഴ്ച – വീട്ടില്‍ തന്നെ.
29.08.2021 ഞായറാഴ്ച – രാവിലെ 8.30 മുതല്‍ 8.45 വരെ – പനിയെ തുടര്‍ന്ന് എരഞ്ഞി മാവിലുള്ള ഡോ. മുഹമ്മദ് സെന്‍ട്രല്‍ ക്ലിനിക്കിലെത്തിച്ചു – ഓട്ടോയിലായിരുന്നു യാത്ര.
30.08.2021 തിങ്കളാഴ്ച – വീട്ടില്‍ തന്നെ.
31.08.2021 ചൊവ്വാഴ്ച – രാവിലെ 9.58 മുതല്‍ 10.30 വരെ – ഇഎംഎസ് ആശുപത്രി മുക്കം – യാത്ര ഓട്ടോയില്‍.
31.08.2021 ചൊവ്വാഴ്ച – രാവിലെ 10.30 മുതല്‍ 12.00 വരെ – ശാന്തി ആശുപത്രി ഓമശ്ശേരി – ഓട്ടോയില്‍ യാത്ര.
31.08.2021 – ചൊവ്വാഴ്ച – ഉച്ചയ്ക്ക് 1 മണി – കോഴിക്കോട് മെഡിക്കല്‍ കോളജ് – ആംബുലന്‍സില്‍
01.09.2021 ബുധനാഴ്ച – രാവിലെ 11 മണിക്ക് – മിംസ് ആശുപത്രിയിലെത്തിച്ചു. ആംബുലന്‍സിലായിരുന്നു യാത്ര.
അതേസമയം, മരിച്ച കുട്ടി റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കള്‍ നല്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും.