Monday, November 29, 2021
HomeNewsKeralaകോഴിക്കോട് നഗരത്തിലെ റോഡുകള്‍ മുഴുവന്‍ വെള്ളത്തില്‍; ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ജനം

കോഴിക്കോട് നഗരത്തിലെ റോഡുകള്‍ മുഴുവന്‍ വെള്ളത്തില്‍; ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ജനം

കോഴിക്കോട്: തോരാതെ പെയ്യുന്ന മഴ(heavy rain) കോഴിക്കോട് (Kozhikkode), മലപ്പുറം(Malappuram)  ജില്ലകളെ മുക്കി. കോഴിക്കോട് ജില്ലയിലെ പല മേഖലയിലും മഴ കനത്ത നാശം വിതച്ചു.

പെരുമഴയില്‍ കോഴിക്കോട് നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി(roads flooded). പലയിടങ്ങളിലും മുട്ടോളം വെള്ളം കയറി. മാവൂര്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം സ്തംഭിച്ചു. ചിന്താവളപ്പില്‍ മതിലിടിഞ്ഞു. ബീച്ച് റോഡും മൂന്നാലിങ്കല്‍ ഭാഗത്തും വലിയ വെള്ളക്കെട്ടാണുള്ളത്. മുണ്ടിക്കല്‍ താഴവും തടമ്പാട്ട് താഴത്തുമെല്ലാം വെള്ളത്തിനടിയിലായി.

മാവൂര്‍ ചാത്തമംഗലം ഭാഗത്താണ് വ്യാപകമായ മണ്ണിടിച്ചല്‍ ഉണ്ടായിട്ടുള്ളത്. ചാത്തമംഗലം സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. പനങ്ങോട് വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണു. മാവൂര്‍ മേച്ചേരി കുന്നില്‍ വീടിന് സമീപത്തേക്ക് 20 മീറ്റര്‍ വീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.
mavoor roadകൂടരഞ്ഞി കൂമ്പാറ ആനക്കല്ലും പാറയില്‍ ചെറിയ തോതില്‍ മല വെള്ളപ്പാച്ചില്‍ ഉണ്ടായി. ഇതോടെ ജനം ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. കൂമ്പാറ പുഴയിലൂടെ മലയോരത്ത് നിന്ന് കല്ലും മണ്ണും ഒലിച്ച് വന്നത് ആളുകളെ ഭീതിയിലാക്കി. നിരവധി ക്വാറികളുള്ള പ്രദേശമാണിത്. മൂന്ന് വര്‍ഷം മുമ്പ് ഉരുള്‍ പൊട്ടലും ഉണ്ടായത് ഇതിന് അടുത്താണ്. ക്വാറികള്‍ ഏറെയുള്ളത് കൊണ്ട് തന്നെ വലിയ ആശങ്കയിലാണ് ജനങ്ങള്‍.

കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും കനത്ത മഴയുണ്ടായിരുന്നുവെങ്കിലും ഇപ്പോല്‍ ശക്തി കുറഞ്ഞിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. വീയൂരുള്ള കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുക.

മലപ്പുറം ജില്ലയില്‍ ക്വാറികള്‍ നിര്‍ത്തി
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെക്കുമെന്ന് ക്രഷര്‍-ക്വാറി സംയുക്ത സമിതി അറിയിച്ചു. സമിതി കണ്‍വീനര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്.

മലപ്പുറം ജില്ലയില്‍ അതി ശക്തമായ മഴയും പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ കരിങ്കല്‍ ക്വാറികളിലെയും ഖനന പ്രവൃത്തികള്‍ കാലാവസ്ഥ അനുകൂലമാകുന്നത് വരെ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാനാണു തീരുമാനിച്ചത്.

പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാല് ദിവസം കൂടി മഴ തുടരുമെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ദുരന്ത നിവാരണ കമീഷണര്‍ ഡോ. എ. കൗശികന്‍ പറഞ്ഞു.

ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം തയാറാണ്. പ്രശ്‌നബാധിത മേഖലകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതീവ ജാഗ്രത വേണം. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍:
ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.

മലവെള്ളപ്പാച്ചില്‍, ഉരുള്‍പ്പൊട്ടല്‍ എന്നിവ കണക്കിലെടുത്ത് മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.

മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.

പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ മേഖലകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം.

കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറിത്താമസിക്കാന്‍ തയാറാകണം.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ ശ്രദ്ധിക്കണം.

Most Popular