തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ മൂന്നിന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കു അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരസങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല
കേരളത്തില്‍ വടക്കു കിഴക്കന്‍ കാലവര്‍ഷം ഭാഗികമായിരുന്നു. ലക്ഷദ്വീപിന്റെ പലഭാഗങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. ലക്ഷദ്വീപിലെ അമിനിയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 20 സെന്റിമീറ്റര്‍. ലക്ഷദ്വീപിലെ തന്നെ അഗത്തി ദ്വീപില്‍ 17 സെന്റിമീറ്ററും മഴ ലഭിച്ചു. സിയാല്‍ കൊച്ചി, കണ്ണൂര്‍, തലശേരി, കോഴ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നാല് സെന്റിമീറ്ററും മഴ ലഭിച്ചു. മാഹി, ചാലക്കുടി എന്നീ സ്ഥലങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.