Thursday, September 16, 2021
Home News Kerala ആഗസ്തില്‍ അതിവര്‍ഷ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി; കേരളം വീണ്ടും പ്രളയഭീതിയില്‍

ആഗസ്തില്‍ അതിവര്‍ഷ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി; കേരളം വീണ്ടും പ്രളയഭീതിയില്‍

തിരുവനന്തപുരം: ആഗസ്തില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷവും സാധാരണയില്‍ കൂടുതലാകും. ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴ ഉണ്ടാകുമെന്ന്് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. വേനല്‍മഴയും ശക്തമായ നിലയില്‍ തന്നെ ലഭിക്കുന്നുണ്ട്.

കാലവര്‍ഷം സാധാരണ നിലയില്‍ ആയാല്‍ത്തന്നെ ആഗസ്തിലെ അതിവര്‍ഷം വെല്ലുവിളിയാവും. കോവിഡ് മഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം തുടര്‍ച്ചയായി മൂന്നാംവര്‍ഷവും പ്രളയത്തിന്റെ പിടിയിലമരുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.

ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയാറെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് അടിയന്തരമായി ദുരന്ത പ്രതിരോധ കാര്യങ്ങളില്‍ പരിശീലനം നല്‍കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്കു ചുമതല നല്‍കി.

കോവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തി. വെള്ളപ്പൊക്കം ഉണ്ടായാല്‍ ഇതിനു സമാന്തരമായി ആളുകളെ തരംതിരിച്ച് പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ സജ്ജമാക്കും. ഇതിനു വേണ്ടി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപക ഭീഷണി ഉള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒരുമിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക കെട്ടിടം, വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു കെട്ടിടം എന്നിങ്ങനെ സംയോജിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Heavy rain prediction in Kerala government preparation to face

Most Popular