Wednesday, June 23, 2021
Home News Kerala കേരളത്തില്‍ കനത്ത പോളിങ്; പലയിടങ്ങളിലും സംഘര്‍ഷം; രണ്ടുപേര്‍ കുഴഞ്ഞു വീണു മരിച്ചു

കേരളത്തില്‍ കനത്ത പോളിങ്; പലയിടങ്ങളിലും സംഘര്‍ഷം; രണ്ടുപേര്‍ കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: വാശിയേറിയ പോരാട്ടത്തിന്റെ സൂചന നല്‍കി നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നു. മലബാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലും വലിയ തിരക്കാണ് ബൂത്തുകളില്‍ ്അനുഭവപ്പെടുന്നത്.

വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്തൂരില്‍ യുഡിഎഫ്. സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായി. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘര്‍ഷം. നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.

ബൂത്തില്‍വച്ച് തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം.

വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ഇത് നീക്കം ചെയ്തു.

രണ്ടുപേര്‍ കുഴഞ്ഞു വീണുമരിച്ചു

തിരുവല്ല വള്ളംകുളത്തും കോട്ടയം ചവിട്ടുവരിയിലും വോട്ടര്‍മാര്‍ കുഴഞ്ഞ് വീണ് മരിച്ചു. വള്ളംകുളം തെങ്ങുംതറ വീട്ടില്‍ ഗോപിനാഥ കുറുപ്പ് (65) ആണ് തിരുവല്ലയില്‍ മരിച്ചത്. വള്ളംകുളം ഗവ.യുപി സ്‌കൂളിലെ 83-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യുവാന്‍ ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയത്ത് ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെന്റ്. മര്‍സില്‍നാസ് ഗേള്‍സ് ഹൈസ്‌കൂളിലെ 25-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പുറകോട്ട് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Most Popular