News Flash
X
വാളയാർ പീഡനക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വാളയാർ പീഡനക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

personSJ access_timeWednesday January 6, 2021
HIGHLIGHTS
കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

വാളയാര്‍ പീഡനക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി റദ്ദാക്കിയത്.

തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പുനര്‍ വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്. കുട്ടികളുടെ മാതാവും കോടതിയെ സമീപിച്ചിരുന്നു.

പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികള്‍.

വാളയാറില്‍ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

SHARE :
folder_openTags
content_copyCategory