Saturday, July 24, 2021
Home News Kerala കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവാസികള്‍ക്കായി വലവിരിച്ച് ഹണിട്രാപ്പ് സംഘം; നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവാസികള്‍ക്കായി വലവിരിച്ച് ഹണിട്രാപ്പ് സംഘം; നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവാസി യാത്രക്കാരെ വലവീശി ഹണിട്രാപ്പ് സംഘം. വിദേശത്തുനിന്നെത്തുന്ന പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരെ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകള്‍ക്കൊപ്പം നിറുത്തി നഗ്‌നഫോട്ടോ എടുക്കുകയും ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് രീതി.

ഗോവ, കര്‍ണാടക സ്വദേശികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വേങ്ങര വാളക്കുട സ്വദേശി ശിഹാബ് കര്‍ണാടകയില്‍ മറ്റൊരു കേസില്‍ ജയിലിലാണെന്ന് പോലിസ് അറിയിച്ചു.

ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ട ഒരു പ്രവാസിയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം വലയിലായത്. വിമാനത്താവള പരിസരത്ത് കാത്ത് നില്‍ക്കുന്ന യുവതികള്‍ വിമാനമിറങ്ങുന്ന പ്രവാസികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുന്നത്. വലയില്‍ വീണു കഴിഞ്ഞാല്‍ യുവതികള്‍ ഇരകളുമായി ഏതെങ്കിലും സ്വകാര്യ കേന്ദ്രത്തിലേക്ക് പോകും.

സംസാരിച്ചിരിക്കുന്നതിനിടെ അവിടെയെത്തുന്ന സംഘത്തിലെ യുവാക്കള്‍ ഇവരെ ഒന്നിച്ചുനിറുത്തി നഗ്‌നഫോട്ടോ എടുക്കും. ഫോട്ടോകള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ പണം ആവശ്യപ്പെടുകയാണ് അടുത്ത പടി. ഇവരുടെ തട്ടിപ്പിന് ഇരയായ നിരവധിപേര്‍ നാണക്കേട് ഭയന്ന്് പരാതി നല്‍കാന്‍ മടിക്കുന്നതായി പോലിസ് പറയുന്നനു. ഇത് മുതലെടുത്താണ് കൂടുതല്‍ തട്ടിപ്പുകള്‍ നടത്തുന്നത്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.
ALSO WATCH

 

Most Popular