യുവതിയും കാമുകനുമൊത്തുള്ള വീഡിയോ പ്രചരിപ്പിച്ചു; ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

vishnu arrest

മലയിന്‍കീഴ്: കാമുകിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ കെ വിഷ്ണുവിനെ (30) ആണ് 2 വര്‍ഷത്തിനു ശേഷം വിളപ്പില്‍ പോലിസ് അറസ്റ്റ് ചെയ്തത്.

വിഷ്ണുവിനെതിരേ ആത്മഹത്യാപ്രേരണയ്ക്കാണ് കേസെടുത്തിട്ടുള്ളത്. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ വിളപ്പില്‍ശാല സ്വദേശിനിയുമായാണ് പ്രതി അടുപ്പത്തിലായിരുന്നത്. ഈ കാര്യം യുവതിയുടെ ഭര്‍ത്താവ് അറിയുകയും വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യുവതിയും കാമുകനും തമ്മിലുള്ള വിഡിയോ പ്രചരിച്ചത്. ഇത് കാമുകന്‍ തന്നെ പ്രചരിപ്പിച്ചതാണെന്നാണ് ആരോപണം.

സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന യുവാവിന്റെ ഭാര്യയും അവിടുത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്ന് യുവതി, ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ അവരുടെ വീട്ടിലും ഇയാള്‍ക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് യുവാവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

മരണത്തിന് ഉത്തരവാദി ഭാര്യയും അവരുടെ കാമുകനും രണ്ട് സുഹൃത്തുക്കളും ആണെന്ന് അദ്ദേഹം കിടപ്പുമുറിയിലെ ഭിത്തിയില്‍ എഴുതിയിരുന്നു. 2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ സഹോദരനാണ് പരാതി നല്‍കിയത്.

ഭര്‍ത്താവിന്റെ മരണശേഷം യുവതി വിഷ്ണുവിനൊപ്പം ആണ് കഴിഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഇന്‍സ്‌പെക്ടര്‍ എന്‍ സുരേഷ് കുമാര്‍, എസ്‌ഐ വി ഷിബു എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തിയത്. യുവതിയെയും ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.