Monday, April 12, 2021
Home News Kerala നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററിനു ICBF അംഗീകാരം

നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററിനു ICBF അംഗീകാരം

കോഴിക്കോട്: കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കോഴിക്കോട്, കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് എന്ന സ്ഥാപനം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സാര്‍ത്ഥം തുടക്കം കുറിച്ചതാണ് നിയാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റീടാര്‍ഡേഷന്‍, ഡഫ് അടക്കമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അത്യാധുനികമായ ചികിത്സാ സമ്പ്രദായമാണ് നിയാര്‍ക്കിലൂടെ ലഭ്യമാകുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി പ്രദേശത്തു 4 ഏക്കര്‍ ഭൂമി വാങ്ങി, ഏറ്റവും ഉയര്‍ന്ന രൂപത്തിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ധൃദഗതിയില്‍ പണിനടക്കുകയാണ്. 2021 അവസാനത്തോടെ ലോകോത്തരനിലവാരമുള്ള ഈ സ്ഥാപനത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഈ സ്ഥാപനത്തിന്റെ ഉന്നമനത്തിനു വേണ്ടി പത്തോളം ചാപ്റ്ററുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ 8 വര്‍ഷമായി നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ അതിന്റെ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐസിബിഎഫിന്റെ അഫിലിയേഷന്‍ നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററിന് ലഭിച്ചത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ICBF അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ICBF ഓഫീസില്‍ പ്രെസിഡെന്റ് സിയാദ് ഉസ്മാന്‍, വൈസ്പ്രസിഡെന്റ് വിനോദ് വി നായര്‍, സെക്രട്ടറി സാബിത് സഹീര്‍ , ട്രെഷറര്‍ കുല്‍ദീപ് കൗര്‍ എന്നിവരില്‍നിന്നു നിയാര്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ കെ.പി. അഷ്റഫിന്റെ സാനിധ്യത്തില്‍ സംഘാടകര്‍ ഏറ്റുവാങ്ങി.

അതേസമയം 2016 ല്‍ സംഘടിപ്പിച്ച ഡോ.രജിത് കുമാറിന്റെ ‘സ്‌നേഹസ്പര്‍ശം’ എന്ന പ്രോഗ്രാം MES ഇന്ത്യന്‍ സ്‌കൂള്‍ അംഗണത്തില്‍ 1500 ഓളം വരുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് പഠനാര്‍ഹമായ ഒരു ചടങ്ങാക്കി മാറ്റാന്‍ നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററിന് സാധിച്ചിരുന്നു. 2019 ല്‍ നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററിന്റെ എട്ടാം വാര്‍ഷികാത്തോടനുബന്ധിച്ചു പ്രശസ്ത മന്ത്രികനും മോട്ടിവേഷണല്‍ സ്പീക്കറും ആയ പ്രൊ. ഗോപിനാഥ് മുതുകാട് നയിച്ച ‘M-CUBE’ എന്ന പ്രോഗ്രാം QNCC ഹാളില്‍ 2500 ഓളം ആളുകളെ പങ്കെടുപ്പിച്ചു നിയാര്‍ക്ക് വളണ്ടിയര്‍മാരുടെ മികച്ച സംഘാടനം ഒരിക്കല്‍ കൂടി തെളിയിച്ചു. അതോടൊപ്പം എംക്യൂബിലൂടെ വ്യക്തിവികാസത്തിന്റെ മേഖലയില്‍ ഖത്തറിലെ പ്രവാസികള്‍ക്ക് അമൂല്യമായ പുത്തന്‍ ഉണര്‍വ് പകര്‍ന്നുനല്‍കാനും കഴിഞ്ഞു..

കൂടാതെ ഖത്തര്‍ ചാപ്റ്ററിന്റെ ഭാഗമായി ലേഡീസ് വിങ്ങും യൂത്ത് വിങ്ങ് വിഭാഗവും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. 2019 നവംബര്‍ 14 നു ചില്‍ഡ്രന്‍സ് ഡേയില്‍ ഖത്തറിലെ ഭിന്നശേഷിക്കാരായ കുടുംബങ്ങള്‍ക്ക് വേണ്ടി നിയാര്‍ക്ക് ലേഡീസ് വിങ്ങും യൂത്ത് വിങ്ങും സംയുക്തമായി കുടുംബസംഗമം സംഘടിപ്പിച്ചിരുന്നു. അതില്‍ 25 ഓളം കുടുംബങ്ങള്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കു ഒരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കുകയും കോവിഡ് പ്രതിസന്ധി കാരണം മെഡിക്കല്‍ ക്യാമ്പ് മറ്റൊരു ഘട്ടത്തിലേക്ക് മാറ്റി വെയ്‌ക്കേണ്ടി വന്നു. ഖത്തര്‍ ചാപ്റ്ററിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് ഐസിബിഎഫിന്റെ അംഗീകാരം.

Most Popular