ഇടുക്കി: കേരളത്തില്‍ ശക്തമായ മഴയും ദുരിതങ്ങളും തുടരുന്നു. ഇടുക്കി കാഞ്ഞാറില്‍ ഒഴുക്കില്‍ പെട്ട കാറിനരികെ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. (idukki rain one death)
രാവിലെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. പിന്നീട് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തി. കാറില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയും കുത്തൊഴുക്കും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 12 പേരെ കാണാതായി. 3 വീടുകള്‍ ഒലിച്ചുപോയി. പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ഞാര്‍ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും നിയോഗിച്ചു. ഒറ്റപെട്ട കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും. ഈരാറ്റുപേട്ട-പാല റോഡില്‍ വെള്ളം കയറിത്തുടങ്ങി. അരുവിത്തുറ പാലം മുങ്ങി. പനക്കപ്പാലത്ത് റോഡില്‍ വെള്ളം കയറി.
കോട്ടയം ജില്ലയിലെ മഴക്കെടുതിയില്‍ പെട്ടു പോയവരെ രക്ഷിക്കാന്‍ എയര്‍ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.