ന്യൂഡല്‍ഹി: ഗള്‍ഫിലേക്ക് ഉള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍നിന്നുള്ള പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി എസ്. ജയ്ശങ്കറിന്റെ ഉറപ്പ്. വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ച കേരളത്തില്‍നിന്നുള്ള എംപിമാരായ ടി എന്‍ പ്രതാപന്, വി കെ ശ്രീകണ്ഠന്, ഹൈബി ഈഡന്, ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വിദേശ രാജ്യങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള പ്രവാസികള്‍ക്ക് യാത്രാ വിലക്കുകളുണ്ട്. ഏപ്രില്‍ മുതല്‍ സൗദി അറേബ്യ, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലക്ഷക്കണക്കിനു പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. പലരുടെയും വിസ കാലാവധിയും കഴിഞ്ഞു. പലര്‍ക്കും ജോലി നഷ്ടമായി. അനേകം കുടുംബങ്ങളാണു പട്ടിണിയിലായത്. ഈ സാഹചര്യം തുടര്‍ന്നാല്‍ അതു രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.
വാക്സിനേറ്റ് ചെയ്യപ്പെട്ടവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും വിദേശ യാത്രകള്‍ക്ക് സൗകര്യമുണ്ടാക്കുന്ന സാഹചര്യം അടിയന്തരമായി ഉണ്ടാവണം എന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇടപെടലുകളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
ALSO WATCH