Thursday, September 23, 2021
Home News Kerala ഐഎന്‍എല്‍ വീണ്ടും പിളര്‍ന്നു; പരസ്പരം പുറത്താക്കി നേതാക്കള്‍

ഐഎന്‍എല്‍ വീണ്ടും പിളര്‍ന്നു; പരസ്പരം പുറത്താക്കി നേതാക്കള്‍

കോഴിക്കോട്: കൊച്ചിയില്‍ സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ നടന്ന തമ്മില്‍ തല്ലിന് പിന്നാലെ ഇന്ത്യന്‍ നാഷനല്‍ ലീഗ്(ഐഎന്‍എല്‍) പിളര്‍ന്നു. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും സമാന്തരമായി സെക്രട്ടേറിയറ്റ് യോഗം നടത്തി. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് അബ്ദുല്‍ വഹാബും അബ്ദുല്‍ വഹാബിനെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു. ഏഴ് സെക്രട്ടേറിയറ്റ് അംഗങ്ങളെയും പുറത്താക്കിയെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. ദേശീയനേതൃത്വത്തിന്റെ നടപടിക്ക് സാധുത ഇല്ലെന്നാണ് അബ്ദുല്‍ വഹാബിന്റെ പക്ഷം.

മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനൊപ്പമാണ്. ചെറുവിഭാഗമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോതെന്ന് കാസിം ഇരിക്കൂര്‍ അവകാശപ്പെട്ടു. എന്നാല്‍, 22 അംഗ സെക്രട്ടേറിയറ്റില്‍ 14 പേരുടെ പിന്തുണയുണ്ടെന്ന് അബ്ദുല്‍ വഹാബ് അവകാശപ്പെട്ടു.

കൊച്ചിയില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകരല്ല, ഗുണ്ടകളാണ് ഏറ്റുമുട്ടിയതെന്ന് കാസിം അവകാശപ്പെട്ടു. ഐഎന്‍എല്‍ നേതാക്കളെ പോലും അറിയാത്ത പ്രൊഫഷനല്‍ ഗുണ്ടകളാണ് പ്രശ്‌നമുണ്ടാക്കിയത്. ലീഗ് ഗൂഢാലോചന സംശയിക്കുന്നുവെന്ന സൂചനയും അദ്ദേഹം നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ഇതിന്റെ ഉദാഹരണമാണ് കാസിം ഇരിക്കൂര്‍ പറഞ്ഞു.

Most Popular