Monday, October 25, 2021
HomeNewsKeralaഒടുവില്‍ വാദി പ്രതിയായി; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലിം ലീഗ്

ഒടുവില്‍ വാദി പ്രതിയായി; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലിം ലീഗ്

മലപ്പുറം: പുരുഷ നേതാക്കളുടെ നെറികേടുകള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചുവിട്ട് മുസ്‌ലിംലീഗ്. ഇന്ന് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി പി എം എ സലാമാണ് ഇക്കാര്യം അറിയിച്ചത്. ഹരിത നടത്തിയത് കടുത്ത ചട്ട ലംഘനമാണെന്നും പുതിയ കമ്മിറ്റിയെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും സലാം പറഞ്ഞു.

എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ യോഗത്തിനിടയിലും ടെലിഫോണിലും അസഭ്യമായി സംസാരിച്ചുവെന്നാരോപിച്ച ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിംലീഗ് നേതൃത്വം നേരത്തോ മരവിപ്പിച്ചിരുന്നു. ആരോപണ വിധേയരായ പി കെ. നവാസ്, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, വി എ വഹാബ് എന്നിവരോട് വിശദീകരണവും തേടിയിരുന്നു.

ഹരിത നേതാക്കളെ എംഎസ്എഫ് ഭാരവാഹികള്‍ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്‌ലിം ലീഗ് ഉന്നത നേതൃത്വം നേരത്തേ ഇരു വിഭാഗവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എം കെ മുനീര്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ. സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

ഹരിത സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ നടത്തിയ അശ്ലീല പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെതിരേ ഹരിത ഭാരവാഹികള്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് വനിത കമീഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്.

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടന സംബന്ധിച്ച് കാര്യങ്ങളില്‍ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും’ എന്നാണെന്ന് വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ് എന്നാണ് പരാതി. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വഹാബ് ഫോണ്‍ മുഖേനയും മറ്റും അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു. ജില്ല കമ്മിറ്റി യോഗത്തില്‍ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.

ഹരിതയെ പിന്തുണച്ച് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയതോടെയാണ് വിഷയം ചൂടുപിടിച്ചത്. ഇതേ തുടര്‍ന്ന് ചില എംഎസ്എഫ് നേതാക്കള്‍ രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ പരാതി അവഗണിച്ച് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചതോടെ ലീഗിലെ പുരുഷ മേധാവിത്വത്തിനെതിരേ വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഹരിത പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ തീരുമാനം.

 

Most Popular