Tuesday, June 22, 2021
Home News Kerala ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ സിദ്ദീഖ് ഹസന്‍ അന്തരിച്ചു

ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ സിദ്ദീഖ് ഹസന്‍ അന്തരിച്ചു

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുന്‍ അമീറുമായിരുന്ന പ്രഫസര്‍ കെ എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മയ്യിത്ത് വൈകുന്നേരം നാല് മണിമുതല്‍ 10.30 വരെ വെള്ളിമാടുകുന്ന് പ്രബോധനത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

എഴുത്തുകാരന്‍, ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് അഞ്ചിന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും ബിരുദാനന്തര ബിരുദവും(അറബിക്) നേടി.

തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍കോട് ഗവണ്‍മെന്റ് കോളജുകളില്‍ അധ്യാപകനായിരുന്നു. ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്മിയുമാണ്. പ്രബോധനം വാരികയുടെ സഹ പത്രാധിപര്‍, മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാം ദര്‍ശനത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീറും 1990 മുതല്‍ 2005 വരെ നാലു തവണ ജമാഅത്തെ ഇസ്‌ലാമി കേരള അമീറും ആയിരുന്നു.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍ എന്ന നിലയിലും സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കി. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എപിസിആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.

ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അധ്യക്ഷനായും ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: വി.കെ. സുബൈദ. മക്കള്‍: ഫസലുര്‍റഹ്‌മാന്‍, സാബിറ, ശറഫുദ്ദീന്‍, അനീസുര്‍റഹ്‌മാന്‍.

Most Popular